22 September Sunday
കൂടുതൽ നടിമാർ രംഗത്ത്

കേരള മാതൃകയിൽ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കണം; ബംഗാളി സിനിമയിൽ നടിമാരുടെ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കൊൽക്കത്ത> ബംഗാളിസിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരുടെ കൂട്ടായ്മ രംഗത്ത്. ഹേമാ കമ്മിറ്റി മാതൃകയിൽ അന്വേഷണം ആവശ്യപ്പെട്ട് വുമൻസ് ഫോറം ഫോ‍ർ സ്ക്രീൻ വർക്കേഴ്സ് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ചു.

ബംഗാളി നടിമാരായ ഉഷാസി റേ, അനന്യ സെൻ, തനിക ബസു, സൗരസേനി മൈത്ര, അംഗന റോയ്, ഡാമിനി ബെന്നി എന്നിവരാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയത്.

 

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായി യുവഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് തുടർച്ചയായാണ് നീക്കം. ഇവർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്.

ബംഗാളി നടി റിതാഭരി ചക്രവർത്തി സമാന ആവശ്യം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി മാതൃകയിൽ ബംഗാളിസിനിമയിലെ പൊയ്‌മുഖങ്ങളെ തുറന്നുകാട്ടുന്ന അന്വേഷണവും തുടർനടപടികളും വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്. മാത്രമല്ല സിനിമ മേഖലയിലെ പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കയും ഉന്നയിച്ചു.

 

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റിപോലെ ഒന്ന് ബംഗാളി സിനിമയെപ്പറ്റി ഉണ്ടാവാത്തതെന്തെന്നാണ് ആലോചിക്കുന്നത്. ഈ റിപ്പോർട്ടിനെത്തുടർന്ന് ഉയർന്നുവന്ന സംഭവങ്ങൾ പലതും ഞാനോ എനിക്കറിയാവുന്ന നടിമാരോ നേരിട്ട അനുഭവങ്ങൾക്ക് സമാനമാണ്. പക്ഷേ, അത്തരം നികൃഷ്ട മനഃസ്ഥിതിയുള്ള നിർമാതാക്കളും സംവിധായകരും നടൻമാരും അതിന്റെ എതിർ ഫലം നേരിടാതെ മുന്നോട്ടുപോകുന്നു. ’ -റിതാഭരി എക്സിൽ കുറിച്ചു.

മുഖ്യമന്ത്രി മമതാ ബാനർജി കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചതായാണ് വാർത്ത. ഇക്കാര്യം നടി തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണത്തിന് കാലതാമസം നേരിടുമെന്നും കാത്തിരുന്ന കാണാമെന്നുമാണ് അവർ പ്രതികരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top