ന്യൂഡൽഹി> രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിക്ഷേപങ്ങൾ നടത്താനെത്തുന്ന വൻകിട കമ്പനികളെ കേന്ദ്രസർക്കാർ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ട്. തെലങ്കാന, തമിഴ്‌നാട്, കർണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താനെത്തിയ കമ്പനികളെയാണ് സമ്മർദ്ദങ്ങൾ ചെലുത്തിയും പ്രലോഭിപ്പിച്ചും ഗുജറാത്തിലെത്തിക്കുന്നതെന്ന് ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്‌തു. ഗുജറാത്തിലേക്ക് മാറിയാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും വലിയ സഹായങ്ങളും ഇളവുകളും നൽകാമെന്നാണ് പ്രധാന വാഗ്‌ദാനം.
തമിഴ്‌നാട്ടിലോ തെലങ്കാനയിലോ സെമി കണ്ടക്ടർ കേന്ദ്രം തുടങ്ങാനായിരുന്നു അമേരിക്കൻ സെമി കണ്ടക്ടർ കമ്പനിയായ ‘മൈക്രോൺ ടെക്‌നോളജി’യുടെ താൽപര്യം. എന്നാൽ, ഗുജറാത്തിലെ അഹമദാബാദിനടുത്ത് സാനന്ദിൽ കേന്ദ്രം തുടങ്ങുമെന്നാണ് അവർ 2023 ജനുവരിയിൽ അറിയിച്ചത്. പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് കമ്പനി തീരുമാനം മാറ്റിയത്. ഗുജറാത്തിനെ കൂടുതൽ നിക്ഷേപസൗഹൃദ സംസ്ഥാനമായി പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയായിരുന്നു. ഇതിൽ കടുത്ത അതൃപ്‌തി അറിയിച്ച് തെലങ്കാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ ‘സെമി കണ്ടക്ടർ കേന്ദ്രം’ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
നിക്ഷേപം ആകർഷിക്കുന്നതിൽ കേന്ദ്രസർക്കാർ വലിയ തടസ്സങ്ങൾ തീർക്കുന്നതായി തമിഴ്‌നാടും പരാതി ഉന്നയിച്ചു. തമിഴ്‌നാട്ടിലേക്ക് വന്ന 6000 കോടിയുടെ നിക്ഷേപം കേന്ദ്രസർക്കാർ ഇടപെട്ട് ഗുജറാത്തിലേക്ക് കൊണ്ടുപോയതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ നേരത്തെ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിലെ വേദാന്ത–- ഫോക്‌സ്‌കോൺ പദ്ധതിയും ടാറ്റാ എയർബസ് നിർമാണയൂണിറ്റും ഗുജറാത്തിലേക്ക് മാറ്റിയതും ഇത്തരത്തിലായിരുന്നുവെന്നും ‘ന്യൂസ്‌മിനിറ്റ്’ റിപ്പോർട്ടിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..