30 December Monday

യുട്യൂബ് നോക്കി വ്യാജ ഡോക്ടറുടെ സർജറി; ബീഹാറിൽ 15കാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

പാട്ന > ബീഹാറിലെ സരണിൽ വ്യാജഡോക്ടർ യുട്യൂബ് നോക്കി സർജറി നടത്തിയതിന് പിന്നാലെ 15കാരൻ മരിച്ചു. കൃഷ്ണകുമാറാണ് മരിച്ചത്. പിത്താശയക്കല്ല് നീക്കാനുള്ള സർജറിയാണ് നടത്തിയത്. കുട്ടിയുടെ നില വഷളായതോടെ പാട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ മൃതദേഹം ഉപേക്ഷിച്ച് വ്യാജഡോക്ടറും സ്റ്റാഫും മുങ്ങിയതായി കുട്ടിയുടെ വീട്ടുകാർ പറഞ്ഞു.

'കടുത്ത ഛർദിയെത്തുടർന്നാണ് കുട്ടിയെ സരണിലെ ​ഗണപതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി കുറച്ചുസമയത്തിനുള്ളിൽ ഛർദി നിന്നെങ്കിലും ഡോക്ടർ അജിത് കുമാർ സർജറി നടത്തുകയായിരുന്നു. യുട്യൂബ് നോക്കിയാണ് സർജറി നടത്തിയത്. ഇയാൾക്ക് ശരിയായ സർട്ടിഫിക്കറ്റുകൾ ഉണ്ടോ എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ഇയാൾ ഒരു വ്യാജഡോക്ടറാണെന്നാണ് ഞങ്ങൾ കരുതുന്നത്.' - കുട്ടിയുടെ അച്ഛൻ പറയുന്നു.‌

കുട്ടിയുടെ അച്ഛനെ മാറ്റിനിർത്തിയതിന് ശേഷം വീട്ടുകാരുടെ അനുവാദമില്ലാതെയാണ് സർജറി നടത്തിയത് എന്ന് മുത്തശ്ശനും ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ​ഡോക്ടറിനും സ്റ്റാഫുകൾക്കുമായി അന്വേഷണം പുരോ​ഗമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top