മുംബൈ> മഹാരാഷ്ട്രയിൽ അജിത് പവാറിനൊപ്പംചേർന്ന് ദേവേന്ദ്രഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്‌തതിൽ ബിജെപിയിൽ ഭിന്നത. അഴിമതിക്കാരന്റെ പിന്തുണ സ്വീകരിച്ചത് ശരിയല്ലെന്നാരോപിച്ച് ബിജെപി എംഎൽഎ ഏക്‌നാഥ് ഖഡ്‌സെ രംഗത്തെത്തി. സ്ഥാനാർഥിനിർണയത്തിലടക്കം ഫഡ്‍നാവിസ് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തെന്നും ആരോപണമുയർന്നു. അജിത് പവാറിനെ കൂട്ടുപിടിച്ച് അധികാരത്തിലെത്താനുള്ള ശ്രമം പാളിയതോടെ കൂടുതൽ പേർ ഫഡ്‌നാവിസിനെതിരെ രംഗത്തെത്തുമെന്നാണ് സൂചന.
ഉദ്ധവ് താക്കറെ വ്യാഴാഴ്‌ച ചുമതലയേൽക്കുമെങ്കിലും മുഖ്യമന്ത്രിക്കൊപ്പം ആരൊക്കെ സത്യപ്രതിജ്ഞചെയ്യുമെന്ന് ത്രികക്ഷി സഖ്യം പുറത്തുവിട്ടിട്ടില്ല. പ്രധാന സ്ഥാനങ്ങൾ സംബന്ധിച്ച് ബുധനാഴ്‌ച രാത്രിതന്നെധാരണയിലെത്തി. മന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ധാരണയാകാനുണ്ട്. എൻസിപിക്കും കോൺഗ്രസിനും ഓരോ ഉപമുഖ്യമന്ത്രിമാർ എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ധാരണ. എന്നാൽ ഒരു ഉപമുഖ്യമന്ത്രി മതിയെന്ന് ബുധനാഴ്‌ചയിലെ യോഗത്തിൽ തീരുമാനിച്ചു. എൻസിപിയിലേക്ക് തിരിച്ചെത്തിയ അജിത് പവാർ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ട്.
മഹാരാഷ്‌ട്രയിൽ 43 അംഗ മന്ത്രിസഭയ്‌ക്കാണ് ശിവസേന–- എൻസിപി–- കോൺഗ്രസ് സഖ്യം ധാരണയായത്. ശിവസേന‐15, എൻസിപി‐16 വീതവും കോൺഗ്രസിന് പതിമൂന്നും മന്ത്രിമാർ എന്നാണ് ധാരണ. എന്നാൽ, സമാജ്‌വാദി പാർടി, ഷേത്‌കാരി സ്വാഭിമാൻ സംഘടൻ തുടങ്ങിയ ചെറുപാർടികളെയും ഉൾപ്പെടുത്തേണ്ടിവരുമ്പോൾ സാഹചര്യം മാറുമോ എന്ന് വ്യക്തമല്ല. മുന്നണിയുടെ ഏകോപനം ഉറപ്പാക്കാൻ രണ്ടു സമിതികളുമുണ്ടാകും. ആഭ്യന്തരം, ധനകാര്യം, റവന്യു തുടങ്ങിയ സുപ്രധാന വകുപ്പുകൾ ആർക്കെന്ന് ധാരണയാകാനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..