ന്യൂഡൽഹി
വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രകോപനപരമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ജാർഖണ്ഡ് ബിജെപി ഘടകത്തിന് പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുതലേന്ന് മാത്രം നോട്ടീസ് അയച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ജെഎംഎം നല്‍കിയ പരാതിയിലാണ് വൈകിയുള്ള ഇടപെടല്‍.
ന്യൂനപക്ഷ വിഭാഗക്കാർ ഹിന്ദു കുടുംബത്തിന്റെ വീട് ബലമായി ഏറ്റെടുക്കുന്നതാണ് ബിജെപി പ്രചരിപ്പിച്ച വീഡിയോ. ജെഎംഎമ്മിന് വോട്ടുചെയ്‌ത ഹിന്ദു കുടുംബത്തിന്റെ വീടാണ് ന്യൂനപക്ഷ വിഭാഗക്കാർ ഏറ്റെടുക്കുന്നതായി ചിത്രീകരിച്ചത്.
ജെഎംഎമ്മിന് വോട്ടുചെയ്‌താൽ ഹിന്ദുക്കൾക്ക് വീടടക്കം നഷ്ടമാകുമെന്ന സന്ദേശമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. പെരുമാറ്റചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനമായിട്ടും കമ്മീഷന്‍ ഏറെ വൈകിയാണ് ഇടപെട്ടത്. വീഡിയോ പിൻവലിക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ജാർഖണ്ഡിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കെ രവികുമാറിന് നിർദേശം നൽകി. മതാടിസ്ഥാനത്തിൽ പ്രചാരണം നടത്തിയ ബിജെപിയ്‌ക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമോയെന്ന് കമീഷൻ വ്യക്തമാക്കിയിട്ടില്ല. ജാർഖണ്ഡിൽ തുടക്കം മുതൽ തീവ്രവർഗീയ പ്രചാരണമാണ് ബിജെപി നടത്തുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിലെ ആദിവാസികളെ ഇല്ലാതാക്കുന്നുവെന്ന ആരോപണമാണ് മുഖ്യമായും ഉയർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ തുടങ്ങിയവര്‍ കടുത്ത വർഗീയപരാമർശം നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തില്ല.
മഹാരാഷ്‌ട്രയിൽ
വൻ പോരാട്ടം
മഹാരാഷ്‌ട്ര നിയമസഭ തെരെഞ്ഞടുപ്പിൽ പ്രതിപക്ഷസഖ്യമായ മഹാവികാസ് അഘാഡിക്ക് മേൽക്കൈയെന്ന് വിലയിരുത്തൽ. ലോക്‌സഭ തെരെഞ്ഞെടുപ്പിലെ തകർപ്പൻ പ്രകടനം അഘാഡി പുറത്തെടുത്താൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി ഭരണത്തിൽ നിന്ന് തൂത്തെറിയപ്പെടും. മഹായുതിയിലെ ആഭ്യന്തര കലഹവും അഘാഡിയുടെ സാധ്യതകളെ ശരിവയ്‌ക്കുന്നു. സിറ്റിങ് സീറ്റായ ദഹാനുവിന് പുറമേ കൽവാൻ, സോളാപുർ സിറ്റി സെൻട്രൽ സീറ്റിൽ മത്സരിക്കുന്ന സിപിഐ എം കരുത്തുറ്റ മത്സരമാണ് മഹാരാഷ്‌ട്രയിൽ കാഴ്‌ചവെക്കുന്നത്.
പിടിച്ചെടുത്തത്
858 കോടിയുടെ
കള്ളപ്പണവും മദ്യവും
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര–- ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നായി 858 കോടി രൂപയുടെ കള്ളപ്പണവും മദ്യവും മയക്കുമരുന്നും മറ്റും പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പിടിച്ചെടുത്തതിനേക്കാൾ ഏഴിരട്ടിയാണ് ഇത്തവണ പിടികൂടിയതെന്നും കമീഷൻ വ്യക്തമാക്കി. നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായി 225 കോടി രൂപയുടെ കള്ളപ്പണവും മദ്യവും പിടിച്ചെടുത്തു.
മഹാരാഷ്ട്രയിൽ 153.48 കോടി രൂപ കള്ളപ്പണവും 71.13 കോടിയുടെ മദ്യവും 72.14 കോടി രൂപയുടെ മയക്കുമരുന്നും 282.49 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും പിടിച്ചെടുത്തു. ജാർഖണ്ഡിൽ 14.84 കോടി രൂപയുടെ കള്ളപ്പണവും 7.84 കോടി രൂപയുടെ മദ്യവും 72.14 കോടി രൂപയുടെ മയക്കുമരുന്നും 8.38 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 152.22 കോടി രൂപയുടെ മറ്റ് സൗജനങ്ങളും പിടിച്ചെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..