പാലക്കാട്
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിരിച്ച തുകയിൽനിന്ന് കോടികൾ മുക്കിയ ജില്ലാ കമ്മിറ്റികളോട് കണക്ക് ആവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വം. പാലക്കാട്, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളോട് ചൊവ്വ വൈകുന്നേരത്തിനുള്ളിൽ കണക്ക് നൽകാൻ കത്ത് നൽകി.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ 10 കോടിക്ക് പുറമെ ജില്ലാകമ്മിറ്റിയും പണംപിരിച്ചിരുന്നു. പൊട്ടിത്തെറിയുടെ വക്കിലുള്ള പാലക്കാട് ജില്ലാ കമ്മിറ്റി 14 കോടി രൂപ അടിച്ചുമാറ്റിയെന്നാണ് ശോഭ സുരേന്ദ്രൻ പക്ഷം ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി പുതിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ ആരോപണ വിധേയർക്ക് ചുമതല നൽകിയത് പരിശോധിക്കണമെന്നും പരാതിയിലുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനും സി കൃഷ്‌ണകുമാറിനും വേണ്ടി രണ്ട് ചേരിയായി സ്ഥാനാർഥിത്വം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഫണ്ട് വെട്ടിക്കൽ ആളിക്കത്താനാണ് സാധ്യത. ഔദ്യോഗിക വിഭാഗത്തിനെതിരെയാണ് ഭൂരിഭാഗം മണ്ഡലം ഭാരവാഹികളും രംഗത്തുള്ളത്. പാലക്കാട്ടെ വിഭാഗീയതയിൽ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ഫണ്ട് വെട്ടിക്കലും പുറത്തായതിന്റെ അങ്കലാപ്പിലാണ് സംസ്ഥാന നേതൃത്വം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..