21 December Saturday

ബിജെപിയുടെ 
ബന്ധുനിയമനം; യുപിയിൽ വൻ റിക്രൂട്ട്‌മെന്റ്‌ തട്ടിപ്പ്‌

സ്വന്തം ലേഖകൻUpdated: Saturday Nov 16, 2024


ന്യൂഡൽഹി
ഉത്തർപ്രദേശ്‌ നിയമസഭയിലെയും ലെജിസ്ലേറ്റീവ്‌ കൗൺസിലിലെയും വിവിധ ഭരണനിർവഹണ തസ്‌തികകളിലേക്ക്‌ ബിജെപി നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധുക്കൾക്ക്‌ കൂട്ടമായി നിയമനം ലഭിച്ചത്‌ വിവാദമാകുന്നു. 2020–-21ൽ 186 തസ്‌തികകളിലേക്കാണ്‌ സ്വകാര്യ ഏജൻസികൾ റിക്രൂട്ട്‌മെന്റ്‌ നടത്തിയത്‌. നിയമനം ലഭിച്ചവരിൽ 38 പേർ ഉന്നത രാഷ്ട്രീയനേതാക്കളുടെയോ ഉദ്യോഗസ്ഥരുടെയോ ബന്ധുക്കളോ അടുപ്പക്കാരോ ആണ്‌.

റിക്രൂട്ട്‌മെന്റ്‌ നടത്തിയ ഏജൻസികളുമായി ബന്ധപ്പെട്ടവർക്കും നിയമനം ലഭിച്ചു. നിയമനതട്ടിപ്പ്‌ വിവാദമായതോടെ 2023ൽ സിബിഐ അന്വേഷണത്തിന്‌ അലഹബാദ്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായി യുപി സർക്കാരും ലെജിസ്ലേറ്റീവ്‌ കൗൺസിലും സുപ്രീംകോടതിയിൽനിന്ന്‌ സ്‌റ്റേവാങ്ങി. ജനുവരി ആറിന്‌ വീണ്ടും കേസ്‌ പരിഗണിക്കും.

47,600–- 1,51,100 ശമ്പളസ്‌കെയിലിൽ വരുന്ന ഗസറ്റഡ്‌ തസ്‌തികയായ റീവ്യൂ ഓഫീസർ, 44,900–- 1,42,400 സ്‌കെയിലിൽ വരുന്ന അസിസ്റ്റന്റ്‌ റീവ്യൂ ഓഫീസർ തുടങ്ങിയ തസ്‌തികകളിലേക്കാണ്‌ റിക്രൂട്ട്‌മെന്റ്‌ നടന്നത്‌. ടിഎസ്‌ആർ ഡാറ്റാപ്രൊസസിങ്‌, രാഭവ്‌ എന്നീ സ്വകാര്യ ഏജൻസികൾക്കായിരുന്നു ചുമതല. നിയമസഭ സ്‌പീക്കറുടെ പിആർഒയും അദ്ദേഹത്തിന്റെ സഹോദരനും നിയമനം ലഭിച്ചവരിൽ പെടുന്നു. മുതിർന്ന ബിജെപി നേതാവ്‌ എച്ച്‌ എൻ ദീക്ഷിതായിരുന്നു നിയമന കാലയളവിൽ യുപി സ്‌പീക്കർ. റിക്രൂട്ട്‌മെന്റിന്റെ മേൽനോട്ട ചുമതല സ്‌പീക്കറുടെ ഓഫീസിനും.

പാർലമെന്ററി അഫയേഴ്‌സ്‌ പ്രിൻസിപ്പൽ സെക്രട്ടറി ജയ്‌പ്രകാശ്‌ സിങിന്റെ രണ്ട്‌ മക്കൾ, നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി പ്രദീപ്‌ ദൂബെയുടെ അടുത്ത നാല്‌ ബന്ധുക്കൾ, ലെജിസ്ലേറ്റീവ്‌ കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌ സിങിന്റെ മകൻ, മുൻ മന്ത്രി മാനവേന്ദ്ര സിങിന്റെ അനന്തിരവൻ, മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഒഎസ്‌ഡി ആയിരുന്ന അജയ്‌കുമാർ സിങിന്റെ മകൻ എന്നിവർക്കും നിയമനം ലഭിച്ചു. അടുത്തിടെ ഡെപ്യൂട്ടി ലോകായുക്തയായി വിരമിച്ച മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥൻ ശംഭു സിങിന്റെ മകനും നിയമനം ലഭിച്ചു. റിക്രൂട്ട്‌മെന്റ്‌ നടത്തിയ രാഭവ്‌ എന്ന സ്ഥാപനത്തിന്റെ ഉടമ രാംപർവേഷ്‌ യാദവ്‌ ശുംഭു സിങിന്റെ അനന്തിരവനാണ്‌. മറ്റൊരു റിക്രൂട്ടിങ്‌ ഏജൻസിയായ ടിഎസ്‌ആർ ഡാറ്റയുടെ ഉടമസ്ഥരുടെ അഞ്ച്‌ ബന്ധുക്കൾക്കും നിയമനം ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top