29 December Sunday

ബിജെപിയെ കൈവിട്ട്‌ വമ്പൻ സംസ്ഥാനങ്ങൾ; ഭരണപങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണവും കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2019

മുംബൈ > മഹാരാഷ്‌ട്രയിൽ ബിജെപിയെ പുറത്താക്കി ത്രികക്ഷി സർക്കാർ അധികാരത്തിലെത്തുന്നതോടെ രാജ്യത്തെ 55 ശതമാനത്തിലധികം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബിജെപി ഇതര പാർ‍ട്ടികളുടെ കയ്യിലായി. ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാരുകളുടെ എണ്ണം പതിനേഴായും കുറഞ്ഞു.

ഇതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ തന്നെ വലിയ മാറ്റമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇപ്പോളത്തെ കണക്കുകൾ പ്രകാരം ബിജെപി ഭരണ സംസ്ഥാനങ്ങളിൽ 45 ശതമാനത്തിൽ താഴെ ജനങ്ങൾ മാത്രമാണ് ഉള്ളത്. 2017നെ അപേക്ഷിച്ച് വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോഡി സർക്കാർ 2014 ൽ അധികാരത്തിൽ വന്ന ശേഷം ബിജെപി നിരവധി സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചിരുന്നു. ഉത്തർപ്രദേശിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയതോടെ ബിജെപി ഏറ്റവും ഉയരത്തിലെത്തി. ഇന്ത്യയിലെ 71 ശതമാനം ജനസംഖ്യയുടെ ഭരണം ബിജെപിക്കു കീഴിലായിരുന്നു.



കഴിഞ്ഞ ഒക്ടോബറിൽ കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങൾ പിടിച്ചതോടെയാണ് ആ സ്വാധീനം ഇടിഞ്ഞു തുടങ്ങിയത്. മഹാരാഷ്ട്ര കൂടി പ്രതിപക്ഷത്തേക്ക് പോകുമ്പോൾ ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 17ആയും കുറഞ്ഞു. ഇതിൽ ആറെണ്ണം വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ്.

ഉത്തർപ്രദേശും ബിഹാറും കർണ്ണാടകയും ഗുജറാത്തുമാണ് ബിജെപി സഖ്യത്തിന്‌ കീഴിലുള്ള വലിയ സംസ്ഥാനങ്ങൾ. എന്നാൽ മഹാരാഷ്ട്രയ്ക്കൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങി കൂടുതൽ വലിയ സംസ്ഥാനങ്ങൾ ബിജെപി ഇതര പക്ഷത്തുണ്ട്. കർണ്ണാടകത്തിൽ ബിജെപി ഭരണം തുടരുമോ എന്നത് അടുത്ത മാസത്തെ ഉപതെരഞ്ഞെടുപ്പ് നിർണ്ണയിക്കും.



രാജ്യസഭയിൽ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം നേടാം എന്ന ചിന്തക്കാണ്‌ ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്‌. ഭരണഘടനയിൽത്തന്നെ മാറ്റങ്ങൾ വരുത്തുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകളുടെയും ശബ്‌ദം കുറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഇപ്പോൾ നടക്കുന്ന ഝാർഖണ്ഡ്, അടുത്ത വർഷം നടക്കുന്ന ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമോ എന്നതാണ് ഇനി രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top