22 December Sunday

ബലാത്സംഗക്കേസ്‌ പ്രതികൾക്ക്‌ സംരക്ഷണമൊരുക്കി ബിജെപിയും യുപി സർക്കാരും

സ്വന്തം ലേഖകൻUpdated: Sunday Dec 8, 2019

ന്യൂഡൽഹി > ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക്‌ പൂര്‍ണസംരക്ഷണമൊരുക്കി ഉത്തർപ്രദേശ്‌ സർക്കാരും ബിജെപിയും.  ഉന്നാവ്‌ ബലാത്സംഗക്കേസിലെ പ്രതിയും എംഎൽഎയുമായ കുൽദീപ്‌ സിങ് സെൻഗർ, ഷാജഹാൻപുർ ബലാത്സംഗക്കേസിലെ പ്രതിയും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ്‌ എന്നിവർക്ക്‌ യോഗി സർക്കാർ പരമാവധി സംരക്ഷണം നൽകി. ജനരോഷം ശക്തമായതിനെ തുടർന്നാണ്‌  അറസ്റ്റ്‌ ചെയ്‌തത്‌. ജയിലിലും സഹായം തുടരുന്നു.

ജനരോഷം ശക്തമായതോടെയാണ്‌ സെൻഗറിനെ പാർടിയിൽനിന്ന്‌ പുറത്താക്കിയത്‌. ചൊവ്വാഴ്ച സെൻഗറിന്റെ ജന്മദിനത്തില്‍  ഉന്നാവ്‌ എംപിയും ബിജെപി നേതാവുമായ സാക്ഷിമഹാരാജ്‌  ‘ജനനേതാവിന്‌ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ നേർന്നു. 14 മാസമായി ജയിലിൽ കഴിയുന്ന സെംഗറിനെ 10,000 പേർ സന്ദർശിച്ചു. സാക്ഷി മഹാരാജും പ്രാദേശിക ബിജെപി നേതാക്കളും പലവട്ടം സന്ദര്‍ശിച്ചു. ഠാക്കൂർ വിഭാഗം നേതാവായ സെൻഗറിന്റെ സഹായത്തോടെയാണ്‌ സാക്ഷിമഹാരാജ്‌ ഉന്നാവിൽ ജയിച്ചത്‌.

ഷാജഹാൻപുരിൽ നിയമവിദ്യാർഥിയെ പീഡിപ്പിച്ച സ്വാമി ചിന്മയാനന്ദ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശ്വസ്തനാണ്‌. ചിന്മയാനന്ദിന്റെ ആശ്രമം സംഘടിപ്പിക്കുന്ന പരിപാടികളിൽ ആദിത്യനാഥ്‌ മുഖ്യാതിഥിയാണ്‌.

2018ൽ ചിന്മയാനന്ദിനെതിരെ ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും കോടതി ഇടപെടൽ തടസ്സമായി. ചിന്മയാനന്ദിന്റെ കോളേജിൽ വിദ്യാർഥിനിയായിരുന്ന യുവതി സാമൂഹ്യമാധ്യമങ്ങൾവഴി ആരോപണങ്ങൾ ഉന്നയിച്ചതും സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടതും നിർണായകമായി. ഇതോടെയാണ് ചിന്മയാനന്ദിനെ അറസ്റ്റ്‌ചെയ്തത്. മേൽജാതിക്കാരായ പ്രതികളെ  സംരക്ഷിക്കുന്നത്‌ യുപി സർക്കാരിന്റെയും പൊലീസിന്റെയും നയമാണെന്ന വിമർശം ശക്തമാണ്‌. ഉന്നാവിൽ ഇരയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഉയർന്ന ജാതിക്കാരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top