കൊച്ചി > പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുടർന്നും നയിക്കുന്നത് എങ്കിൽ ബിജെപി ടൈറ്റാനിക്ക് പോലെ മുങ്ങുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു സുബ്രഹ്മുണ്യൻ സ്വാമിയുടെ വിവാദപരാമർശം. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം നേടിയ വിജത്തിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദ പോസ്റ്റ് എന്നതും ശ്രദ്ധേയം.
ബി.ജെ.പി ടൈറ്റാനിക് കപ്പൽ പോലെ മുങ്ങുന്നത് കാണാനാണ് പാർട്ടിയിലുള്ള നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ മോദി തന്നെ നായകത്വം വഹിക്കുന്നതായിരിക്കും നല്ലത്. ബിജെപി മുങ്ങിത്താഴാൻ തയ്യാറാണ് എന്നാണ് ലോക്സഭാ ഫലം കാണിച്ചു തരുന്നത് എന്നാണ് ബിജെപി നേതാവിന്റെ എക്സിലെ കുറിപ്പ്.
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയുടെയും സഹായത്തോടെ മാത്രമാണ് ബി.ജെ.പി അധികാരത്തിൽ മൂന്നാം തവണയെത്തിയതെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
മുൻപും ബിജെപിയെ വിമർശിച്ചുകൊണ്ട് സുബ്രഹ്മണ്യ സ്വാമി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. ജൂൺ 25ന് ഭരണഘടനഹത്യാ ദിനമായി ആചരിക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ അടിയന്തരാവസ്ഥയെ സജീവമായി എതിർക്കുന്നതിൽ മോദിയുടെയും ഷായുടെയും സംഭാവന എന്താണെന്നും എക്സിൽ കുറിച്ചിരുന്നു. കൂടാതെ മോദിയുടെ റഷ്യൻ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സുബ്രഹ്മണ്യ സ്വാമി പരസ്യമായി പ്രതികരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..