ന്യൂഡൽഹി> ഡൽഹിയിൽ സിആർപിഎഫ് സ്‌കൂളിന് സമീപം പ്രദേശവാസികളെ നടുക്കി ഉഗ്രസ്‌ഫോടനം. ഞായർ രാവിലെ ഏഴരയോടെ രോഹിണിയിലെ പ്രശാന്ത്‌വിഹാറിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌കൂളിന്റെ ഭിത്തിയും ജനൽ ചില്ലുകളും തകർന്നു. സമീപമുണ്ടായിരുന്ന ഭക്ഷണശാലയ്ക്കും കടകൾക്കും കേടുപാടുണ്ടായി. നിരവധി വാഹനങ്ങളുടെ ചില്ലും തകർന്നു. ആർക്കും പരിക്കില്ല.
ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും എൻഐഎ സംഘവും ഫോറൻസിക് സംഘവും എൻഡിആർഎഫ് ടീമും സ്ഥലത്തെത്തി പരിശോധന നടത്തി. ചീളുകളോ ടൈമർ സംവിധാനത്തിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. ക്ലോറേറ്റിന്റെയും ഹൈഡ്രജൻ പെറോക്‌സൈഡിന്റെയും മിശ്രിതമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇസ്രയേൽ എംബസിക്ക് സമീപത്തടക്കം ഡൽഹിയിൽ സമീപകാലത്തുണ്ടായ സ്‌ഫോടനങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..