മുംബൈ > വിമാനങ്ങൾക്കെതിരെ ബോംബ് ഭീഷണി മുഴക്കിയതിന് പിന്നിൽ നാഗ്പൂർ സ്വദേശി. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35 കാരൻ ജഗദീഷ് ഉയ്കെയാണ് ഇമെയിലുകൾക്ക് പിന്നിലെന്ന് നാഗ്പൂർ സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ മാസം ഇന്ത്യൻ എയർലൈനുകളുടെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചത് അധികൃതർക്കും യാത്രക്കാർക്കുമിടയിൽ പരിഭ്രാന്തി പരത്തി. നിരവധി വിമാന സർവീസുകൾ വൈകുകയും നിർത്തലാക്കുകയും ചെയ്തു.
ജഗദീഷ് തീവ്രവാദത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവാണ്. 2021-ൽ ഒരു കേസിൽ ജഗദീഷ് ഉയ്കെ അറസ്റ്റിലായിരുന്നു. ഇയാളാണ് സന്ദേശങ്ങളയച്ചതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ജഗദീഷ് ഉയ്കെ ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശ്വേത ഖേദ്കറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജഗദീഷ് ഇ- മെയിലിലൂടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയത്.
ഒക്‌ടോബർ 26 വരെ 13 ദിവസങ്ങളിലായി ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന 300-ലധികം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചു. മിക്ക ഭീഷണികളും സോഷ്യൽ മീഡിയ വഴിയാണ് നൽകിയതെന്ന് സർക്കാർ ഏജൻസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്‌ടോബർ 22ന് മാത്രം 50 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..