മുംബൈ > റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)ക്ക് നേരെ ബോംബ് ഭീഷണി. റഷ്യൻ ഭാഷയിലായിരുന്നു സന്ദേശം. രണ്ടാം തവണയാണ് ആർബിഐക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഭീഷണി സന്ദേശമയച്ച ആൾക്കെതിരെ മുംബൈ മാതാ രമാബായി മാർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ കുടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കാണ് ഇത്തവണ സന്ദേശം ലഭിച്ചത്. ഇതിന് മുമ്പ് നവംബർ 16 ന് ആർബിഐയുടെ കസ്റ്റമർ കെയർ നമ്പറിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. "ലഷ്‌കർ-ഇ-തൊയ്ബയുടെ സിഇഒ" ആണെന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. ഫോൺ സംഭാഷണത്തിനിടെ ഭീഷണി മുഴക്കുന്നതിന് മുമ്പ് ഇയാൾ ഒരു ഗാനം ആലപിച്ചതായി റിപ്പോർട്ടുണ്ട്.
ഇന്ന് പുലർച്ചെ ഡൽഹിയിലെ പതിനാറ് സ്‌കൂളുകൾക്കും സമാനമായി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഫോണിലൂടെയും ഇമെയിൽ വഴിയുമായിരുന്നു ഭീഷണി സന്ദേശം. പശ്ചിമ വിഹാറിലെ ഭട്‌നഗർ പബ്ലിക് സ്‌കൂൾ, ശ്രീനിവാസ്പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഈസ്റ്റ് ഓഫ് കൈലാഷിലെ ഡൽഹി പബ്ലിക് സ്‌കൂൾ, ഡിഫൻസ് കോളനിയിലെ ഡൽഹി പബ്ലിക് സ്‌കൂൾ, സഫ്ദർജംഗ് എൻക്ലേവിലെ ഡൽഹി പോലീസ് പബ്ലിക് സ്‌കൂൾ, രോഹിണിയിലെ വെങ്കിടേഷ് പബ്ലിക് സ്‌കൂൾ തുടങ്ങിയവയ്ക്ക് നേരെയാണ് ഭീഷണി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..