ന്യൂഡൽഹി
രാജ്യത്തെ യാത്രാവിമാനങ്ങൾക്ക് തുടരെ ബോംബ് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്രവ്യോമയാന മന്ത്രാലയം. ആധികാരികതയടക്കം പരിശോധിച്ച് വേണം ഭീഷണി ഗുരുതരമാണോ വ്യാജമാണോ എന്ന് നിശ്ചയിക്കേണ്ടതെന്ന് പുതിയ മാർഗനിർദേശത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പറയുന്നു. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്യുന്ന സമൂഹമാധ്യമ അക്കൗണ്ട് വ്യാജമാണോ, സന്ദേശം അയക്കുന്നവർ ഏതെങ്കിലും തീവ്രസംഘടനയുടെ ഭാഗമാണോ, സന്ദേശം ലഭിക്കുന്ന വിമാനത്തിൽ വിഐപി സാന്നിധ്യമുണ്ടോ എന്നീ ഘടകങ്ങൾ കൂടി പരിശോധിക്കണം. രാജ്യത്തോ പുറത്തോ ഉള്ള രാഷ്‌ട്രീയ–-സാമ്പത്തിക പ്രശ്‌നങ്ങളുമായി ഭീഷണിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കണം.
2014-ൽ സ്ഥാപിച്ച ബോംബ് ത്രെറ്റ് കണ്ടിജൻസി പ്ലാൻ (ബിടിസിപി) അനുസരിച്ചാണ് നിലവിൽ എല്ലാതരം ഭീഷണികളും കൈകാര്യം ചെയ്യുന്നത്. പുതുക്കിയ മാർഗനിർദേശം ഭീഷണിയുടെ ഉറവിടം വേഗം കണ്ടെത്തി യാത്രക്കാരുടെ അസൗകര്യം കുറയ്‌ക്കാൻ ഉപകരിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. അതിനിടെ രാജ്യത്ത് വ്യാജബോംബ് ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം 600 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൂറിലേറെ വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..