ന്യൂഡൽഹി> വ്യോമയാന മേഖലയെ ഭീതിയിലാഴ്‌ത്തി വ്യാജ ബോംബ് ഭീഷണികൾ നിലയ്‌ക്കാതെ തുടരുമ്പോൾ ഇരുട്ടിൽത്തപ്പി കേന്ദ്രസർക്കാർ. ഒരാഴ്‌ചയ്‌ക്കിടെ എത്തിയ നൂറോളം ഭീഷണികളിൽ യാത്രക്കാരും വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും വലഞ്ഞു. ഞായറാഴ്‌ച മാത്രം ഇരുപതിലേറെ ആഭ്യന്തര–- അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഭീഷണി സന്ദേശമെത്തി. ഇതോടെ, ഭീഷണി ചെറുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന വിമർശം ശക്തമായി. പ്രതിരോധത്തിലായതോടെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തലവൻ വിക്രം ദേവ്ദത്തിനെ സർക്കാർ നീക്കി. നിർണായക സമയത്ത് പുതിയ തലവനെ നിയോഗിച്ചിട്ടുമില്ല.
കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾക്ക് ഭീഷണിയെത്തി. ഇൻഡിഗോയുടെ ദമാം, എയർ ഇന്ത്യയുടെ ജിദ്ദ, ദോഹ വിമാനങ്ങൾക്കായിരുന്നു വ്യാജ ഭീഷണിയെത്തിയത്. അടിയന്തര പ്രോട്ടോക്കോൾ പ്രകാരം നടപടി സ്വീകരിക്കുന്നതായി കമ്പനികൾ പ്രസ്‌താവനകളിൽ അറിയിച്ചു. ശനിയാഴ്‌ച 34 വിമാനങ്ങൾക്കായിരുന്നു ഭീഷണി.
വിസ്‌താരയുടെ യുകെ 17 ഡൽഹി–-ലണ്ടൻ വിമാനം ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിൽ അടിയന്തരമായിറക്കി. ഒരാഴ്‌ചയ്‌ക്കിടെ തൊണ്ണൂറോളം വിമാനങ്ങൾക്കാണ് ഭീഷണിയെത്തിയത്. ഒക്‌ടോബർ 15ന് മധുരയിൽനിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനത്തിന് ഭീഷണി ഉണ്ടായതോടെ സിംഗപ്പൂർ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ അകമ്പടി സേവിച്ചിരുന്നു.
46 ഭീഷണി
ഒരേ അക്കൗണ്ടിൽനിന്ന്
46 ഭീഷണി സന്ദേശവും വന്നത് അടുത്തിടെ തുടങ്ങിയ എക്‌സ് അക്കൗണ്ടിൽ (@adamlanza111) നിന്ന്. വിപിഎൻ സഹായത്തോടെ പ്രവർത്തിക്കുന്ന അക്കൗണ്ട് എക്‌സ് സസ്‌പെൻഡ് ചെയ്‌തു. അമേരിക്കയിലെയും ന്യൂസിലൻഡിലെയും വിമാനക്കമ്പനികൾക്കും ഭീഷണി സന്ദേശങ്ങൾ എത്തുന്നതായും റിപ്പോർട്ടുണ്ട്. ഭീഷണി സന്ദേശങ്ങളുടെ പേരിൽ ഛത്തീസ്‌ഗഡുകാരനായ പതിനേഴുകാരനെ ബുധനാഴ്‌ച പൊലീസ് അറസ്റ്റുചെയ്‌തു. ബിസിനസ് പങ്കാളിയോടുള്ള ദേഷ്യം തീർക്കാൻ 19 ഭീഷണികൾ ഇയാൾ നൽകിയാതാണെന്നാണ് പൊലീസ് ഭാഷ്യം. അതിനുശേഷവും ഭീഷണികൾ തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..