കൊൽക്കത്ത > പശ്ചിമ ബംഗാളിലെ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കു നേരെ വിരൽചൂണ്ടുന്നവരുടെ വിരലൊടിക്കുമെന്ന് മുതിർന്ന തൃണമൂൽ മന്ത്രി ഉദയൻ ഗുഹ. മന്ത്രിയുടെ ഭീഷണിപ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
"മമതാ ബാനർജിയെ ആക്രമിക്കുകയും അവരുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നവർ ഒരിക്കലും വിജയിക്കില്ല. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വിരൽ ഞെരിച്ചൊടിക്കും.' ബംഗാളിയിലുള്ള വീഡിയോയിൽ പറയുന്നു. പ്രതിഷേധക്കാർ ആശുപത്രി ആക്രമിച്ചിട്ടും പൊലീസ് നിഷ്ക്രിയരായി എന്നും അദ്ദേഹം ആരോപിച്ചു.
ആഗസ്‌ത് ഒൻപതിനാണ് ആർ ജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മുറിവുകളാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൊൽക്കത്ത പൊലീസിലെ സിവിക് വൊളന്റിയറും തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നാരോപിച്ച് പ്രതിഷേധം ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..