22 December Sunday

'കൈക്കൂലി നിയമവിധേയമാക്കി'; യുപി സർക്കാരിന്റെ സോഷ്യൽ മീഡിയ നയത്തെ വിമർശിച്ച് ധ്രുവ് റാഠി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

മുംബൈ > ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പുതിയ സോഷ്യൽ മീഡിയ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂട്യൂബർ ധ്രുവ് റാഠി. സംസ്ഥാന സർക്കാരിന്റെ നയങ്ങളും പദ്ധതികളും സോഷ്യൽ മീഡിയ ചാനലുകളിൽ പ്രചരിപ്പിക്കാൻ ഇൻഫ്ലുവൻസേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നയം ലക്ഷ്യമിടുന്നത്.  "സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതിന്  8 ലക്ഷം രൂപ വരെ നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പറയുന്നു. ഇത് നിയമവിധേയമാക്കിയ കൈക്കൂലിയാണ്-  ധ്രുവ് റാഠി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

പുതിയ സോഷ്യൽ മീഡിയ നയം പ്രകാരം ഇൻഫ്ലുവൻസേഴ്സിന് 8 ലക്ഷം രൂപ വരെ സമ്പാദിക്കാം.സർക്കാരിന്റെ നയങ്ങളുടേയും പദ്ധതികളുടേയും പ്രചാരണത്തിനായി  നികുതിദായകരുടെ പണം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് കൈക്കൂലി നൽകാനാണ് യോഗി ആദിത്യനാഥ് ഉപയോഗിക്കുന്നതെന്ന് ധ്രുവ് റാഠി വിമർശിച്ചു. സർക്കാർ നൽകുന്ന പണം സ്വീകരിക്കുന്നതിൽ നിന്ന് ഇൻഫ്ലുവൻസേഴ്സ് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന പുതിയ സോഷ്യൽ മീഡിയ നയം യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകരിച്ചത്. സർക്കാരിനെ വിമർശിച്ചാൽ ‘രാജ്യദ്രോഹകുറ്റം’  ചുമത്തി ജീവപര്യന്തം ജയിലിലടയ്ക്കാനും ഇതിൽ വകുപ്പുണ്ട്‌. സർക്കാരിന്റെ ക്ഷേമപദ്ധതികളും നേട്ടങ്ങളും പ്രചരിപ്പിക്കുന്ന   കുറിപ്പുകൾ, വീഡിയോ, റീൽസ്‌, ട്വീറ്റുകൾ എന്നിവ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്‌താൽ  മാസം പ്രതിഫലം നൽകും. സർക്കാർ പരിപാടികളുടെ  വീഡിയോ യുട്യൂബിൽ അപ്‌ലോഡ്‌ ചെയ്‌താൽ എട്ട്‌ ലക്ഷം രൂപ വരെയാണ്‌ പ്രതിഫലം.

ഹ്രസ്വചിത്രങ്ങൾ (ഏഴു ലക്ഷം), പോഡ്‌കാസ്‌റ്റ്‌ (ആറുലക്ഷം), മറ്റ്‌ ഉള്ളടക്കങ്ങള്‍ (നാല്‌ ലക്ഷം)  എന്നിങ്ങനെയാണ് പാരിതോഷികം. എക്‌സ്‌, ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റഗ്രാം എന്നിവയിൽ ഇൻഫ്ലുവൻസർമാരായി പ്രവർത്തിക്കാൻ പ്രതിമാസം അഞ്ച്‌, നാല്‌, മൂന്ന്‌ ലക്ഷം രൂപ വീതം നൽകും. ഡിജിറ്റൽ പരസ്യങ്ങൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനും  ‘വി ഫോം’ എന്ന ഏജൻസി രൂപീകരിക്കും.  

 ‘അപകീർത്തികരമായ’ ഉള്ളടക്കം പോസ്റ്റ്‌ചെയ്യുന്നത്‌ ക്രിമിനൽകുറ്റമാക്കും. ഡിജിറ്റൽ മാധ്യമ ദുരുപയോഗം ഗൗരവത്തോടെ നേരിടുമെന്ന്‌  മന്ത്രി സഞ്‌ജയ്‌ നിഷാദ്‌ പറഞ്ഞു. എന്നാൽ, സർക്കാർ ഫണ്ട്‌ ബിജെപി അനുകൂലികൾക്ക്‌ വീതംവച്ച്‌ നൽകാനും വിമർശകരെ രാജ്യദ്രോഹികളായി മുദ്രകുത്താനും ഈ നയം വഴിയൊരുക്കുമെന്ന വിമർശനം ഉയർന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top