ന്യൂഡൽഹി
ആദിവാസി വിദ്യാർഥികൾക്കായുള്ള ഏകലവ്യ മാതൃകാ റസിഡൻഷ്യൽ (ഇഎംആർ) സ്‌കൂളുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് രീതിയിൽ കൊണ്ടുവന്ന മാറ്റങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആദിവാസികാര്യ മന്ത്രി ജുവൽ ഒറാമിന് കത്തയച്ചു. നേരത്തെ സംസ്ഥാന സർക്കാരുകൾ വഴിയാണ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. കേന്ദ്രതലത്തിൽ പരീക്ഷ നടത്തിയുള്ള റിക്രൂട്ട്‌മെന്റ് രീതിയിലേക്കാണ് ഇപ്പോൾ മാറുന്നത്.
ആദിവാസി കുട്ടികൾക്കായുള്ള ദേശീയ വിദ്യാഭ്യാസ സൊസൈറ്റി (നെസ്‌റ്റ്‌സ്) 38000 പേരെ ഇഎംആർ സ്‌കൂളുകളിലേക്കായി അടുത്ത അഞ്ചുവർഷ കാലയളവിൽ റിക്രൂട്ട് ചെയ്യുമെന്ന് ധനമന്ത്രി കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇഎംആർ പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമുണ്ടാകണമെന്നാണ് നിബന്ധന. ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ എന്തിനാണ് ആ ഭാഷ അടിച്ചേൽപ്പിക്കുന്നത്. റിക്രൂട്ട് ചെയ്യപ്പെടുന്നവർ പ്രാദേശിക ഭാഷ രണ്ടുവർഷം കൊണ്ട് പഠിക്കണമെന്നാണ് നിർദേശിക്കുന്നത്.
ഇഎംആർ സ്‌കൂളുകൾ മിക്കപ്പോഴും ഉൾപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുക. നിയമിക്കപ്പെടുന്ന അധ്യാപകരും സ്‌റ്റാഫുമെല്ലാം നിയമിക്കപ്പെടുന്ന സ്ഥലത്തുനിന്ന് മാറ്റം ആവശ്യപ്പെട്ട് നെസ്‌റ്റ്‌സിനെ സമീപിക്കരുതെന്ന നിബന്ധന കൊണ്ടുവരണം.
ആദിവാസി കുട്ടികളുടെ സംസാരഭാഷ അറിയുന്നവരെ റിക്രൂട്ട് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. തെലങ്കാനയിൽ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്‌റ്റന്റ് തസ്‌തികയിലേക്ക് നെസ്‌റ്റ്‌സ് നടത്തിയ 47 നിയമനങ്ങളിൽ 43 പേരും ഹരിയാനയിൽ നിന്നുള്ളവരാണ്. തെലങ്കാനയിൽനിന്ന് ഒരാൾ പോലും ജയിക്കാത്തത് ഹിന്ദിയിൽ പ്രാവീണ്യമില്ലാതിരുന്നതിനാലാകാം. നിലവിലെ റിക്രൂട്ട്‌മെന്റ് രീതി ഭരണഘടനയുടെ ഫെഡറൽ ഘടനയ്‌ക്ക് കൂടി വിരുദ്ധമാണ്–- ബൃന്ദ കത്തിലാവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..