05 December Thursday

ബലാത്സംഗത്തിന്‌ ഇരയായവർ റോബോട്ടുകളല്ല:‌ ബൃന്ദ

സ്വന്തം ലേഖകൻUpdated: Wednesday Mar 3, 2021

ന്യൂഡൽഹി > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിക്ക്‌ അറസ്‌റ്റിൽനിന്ന്‌ സംരക്ഷണം അനുവദിച്ച സുപ്രീംകോടതി നടപടി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ‌സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

പെൺകുട്ടിയെ വിവാഹം കഴിക്കുമോയെന്നും‌ സുപ്രീംകോടതി ആരാഞ്ഞു. 16 വയസ്സുള്ള പെൺകുട്ടിയെ പ്രതി സമ്മർദത്തിലാക്കി ബലാത്സംഗം ചെയ്‌തു. 10–-12 തവണ കുറ്റകൃത്യം ആവർത്തിച്ചു. സമ്മർദം താങ്ങാനാകാതെ പെൺകുട്ടി ആത്മഹത്യ‌ക്ക്‌ ശ്രമിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കാര്യത്തിൽ അനുമതി ഉണ്ടോ ഇല്ലയോ എന്നതിന് നിയമത്തിന്‌ മുന്നിൽ പ്രസക്തിയില്ല. ബലാത്സംഗത്തിന്‌ ഇരയായവർ ആരുടെയും റിമോട്ട്‌കൺട്രോളില്‍‌ പ്രവർത്തിക്കുന്ന റോബോട്ടുകൾ അല്ല. ബലാത്സംഗംചെയ്യപ്പെട്ടവര്‍ ‘മോശം സ്‌ത്രീകൾ’ ആണെന്നും ബലാത്സംഗം ചെയ്‌തവർ വിവാഹം ചെയ്‌താൽ ‘അഭിമാനം’ തിരിച്ചുകിട്ടുമെന്നുമുള്ള അറുപിന്തിരിപ്പൻ മനോഭാവം സമൂഹത്തിൽ നിലനിൽക്കുന്നു‌. അതിനെ പിന്തുണയ്‌ക്കുന്ന നിരീക്ഷണമാണ്‌ കോടതിയുടേത്. വിവാദ പരാമർശം പിൻവലിച്ച്‌ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നടപടിയെടുക്കണം.

വിവാഹവാഗ്‌ദാനം നൽകി പെൺകുട്ടിയെ വഞ്ചിച്ച കേസിലെ പ്രതിയുടെ അറസ്‌റ്റ്‌ തടഞ്ഞ്‌ സുപ്രീംകോടതി നടത്തിയ പരാമർശങ്ങളും വിവാദമായിട്ടുണ്ട്‌. ‘എത്ര ക്രൂരനായ ആളാണ്‌ ഭർത്താവെങ്കിലും, രണ്ടുപേർ ഭാര്യയും ഭർത്താവുമായി കഴിയുമ്പോൾ അവർ തമ്മിലുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമെന്ന്‌ വിശേഷിപ്പിക്കാൻ പറ്റുമോ?’–-എന്നാണ്‌ കോടതി ചോദിച്ചത്‌. സ്‌ത്രീകൾ നേരിടുന്ന ക്രൂരതയെ ന്യായീകരിക്കുന്ന ഈ പരാമർശവും കോടതി പിൻവലിക്കണമെന്നും ബൃന്ദ കാരാട്ട്‌ ചീഫ്‌ജസ്‌റ്റിസിന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top