17 September Tuesday

ഓൺലൈൻ മാധ്യമങ്ങൾക്ക്‌ കൂച്ചുവിലങ്ങ്‌ ; ബ്രോഡ്‌കാസ്റ്റ്‌ ബില്ലുമായി കേന്ദ്രം , കണ്ടന്റ് നിര്‍മാതാക്കള്‍ രജിസ്റ്റര്‍ ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


ന്യൂഡൽഹി
പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത ബിജെപിക്കെതിരെ ജനാധിപത്യ മൂല്യങ്ങളുയർത്തിപ്പിടിച്ച്‌ പോരാടുന്ന ഓൺലൈൻ മാധ്യമങ്ങളെയും സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരെയും വിലങ്ങണിയിക്കാൻ ബില്ലുമായി കേന്ദ്രസർക്കാർ. 1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‌ പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ്‌ സർവീസസ് (റെഗുലേഷൻ) ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സർക്കാരിനെതിരായ വിമർശങ്ങളെയും തടയാനാണ്‌ ശ്രമം. കഴിഞ്ഞവർഷം  പുറത്തിറക്കിയ കരട്‌ ബില്ലിനേക്കാൾ പുതിയ ബില്ലിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  വ്യവസ്ഥകൾ കടുപ്പിച്ചു.  യൂട്യൂബ്‌, ഫെയ്‌സ്‌ബുക്ക്, എക്‌സ്‌, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, ഓൺലൈൻ പോർട്ടലുകൾ, വൈബ്‌സൈറ്റുകൾ  എന്നിവയെ ലക്ഷ്യമിട്ടാണ്‌ നീക്കം. കണ്ടന്റ്‌ നിർമാതാക്കളെ ‘ഡിജിറ്റൽ ന്യൂസ്‌ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ ’ എന്നാണ് കരട് ബില്ലില്‍ നിർവചിക്കുന്നത്‌.

നിർമിക്കുന്ന വീഡിയോകളും വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാനാകില്ല. ഇതിനായി ത്രിതല സംവിധാനം രൂപീകരിക്കും. പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയിൽ കവിഞ്ഞാൽ കണ്ടന്റ്‌ നിർമാതാക്കൾ ഒരു മാസത്തിനുള്ളിൽ   രജിസ്‌റ്റർ ചെയ്യണം. പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം.  ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിടിച്ചുകെട്ടുന്നതിൽ പ്രധാന പങ്കുവഹിച്ച  ഓൺലൈൻ വാർത്താ ചാനലുകളെയും വീഡിയോ നിർമാതാക്കളെയും ലക്ഷ്യമിട്ടാണ്‌ നിയമനിർമാണം. 

ബോംബെ, മദ്രാസ്‌ ഹൈക്കോടതികൾ സ്‌റ്റേ ചെയ്‌ത കുപ്രസിദ്ധമായ 2021ലെ ഐടി നിയമത്തിലെ ‘കോഡ് ഓഫ് എത്തിക്‌സ്’ ഭാഗത്തിന്‌ നിയമപരമായ സാധൂകരണം നൽകാനും  ലക്ഷ്യമിടുന്നുണ്ട്‌. യുക്തിരഹിതവും  നിയമത്തിന്‌ പുറത്തുള്ളതുമെന്ന്‌  കണ്ടെത്തിയാണ്‌ സ്‌റ്റേ ചെയ്‌തിരുന്നത്‌.    ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര മാധ്യമങ്ങൾ സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചതിനെത്തുടർന്നാണ്‌ നീക്കമെന്ന്‌ മന്ത്രാലയവൃത്തങ്ങൾ ദേശീയ മാധ്യമത്തോട്‌ പറഞ്ഞു.

ധ്രുവ്‌ റാഠി, രവീഷ്‌ കുമാർ  തുടങ്ങിയ സ്വതന്ത്ര ഓൺലൈൻ മാധ്യമപ്രവർത്തകർ ബിജെപി നയങ്ങളെ തുറന്നുകാട്ടിയത്‌ ഉത്തരേന്ത്യയിലെ സാധാരണക്കാരിൽ ബിജെപിക്കെതിരായ വികാരം സൃഷ്‌ടിച്ചിരുന്നു. ഇത്‌ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top