22 December Sunday

​ബുദ്ധദേബ്; രാഷ്ട്രീയത്തിലും കലാസാംസ്കാരിക മണ്ഡലങ്ങളിലും നിറഞ്ഞു നിന്ന പ്രതിഭ

ഗോപി കൊൽക്കത്തUpdated: Thursday Aug 8, 2024

കൊൽക്കത്ത > രാഷ്ട്രീയ രംഗത്തും കലാസാംസ്കാരിക രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ബുദ്ധദേബ് ഭട്ടാചാര്യ. രാഷ്ട്രീയത്തിന് അതീതമായി ഏവരും ആദരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബംഗാളിന്റെ പാരമ്പര്യവും തനതുമായ കലാസാംസ്കാരിക രംഗം കൂടുതൽ പരിപോഷിപ്പിക്കുന്നതിന്  അദ്ദേഹത്തിന്റെ ഭരണകാലത്ത് വളരെയധികം സംഭാവനകൾ ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ തന്നെ തനതായ ഫിലിം സെന്ററായ നന്ദൻ, ബംഗ്ലാ അക്കാദമി തുടങ്ങിയ നിരവധി സംസ്കാരിക കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്താണ് പടുത്തുയർത്തിയത്. കൊൽക്കത്തയിൽ മാത്രമല്ല അതാത് സ്ഥലത്തെ കലകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ഉപജില്ല ആസ്ഥാനങ്ങളിലും ഇതേപോലുള്ള  നിരവധി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും പ്രാമുഖ്യം നൽകി. ബംഗാളിൽ സിനിമയെ പ്രോത്സാഹിപ്പിക്കുവാൻ സിനിമാരംഗത്തേക്ക് പുതിയ ആളുകളെ കണ്ടെത്തി അവർക്ക് വളരെയധികം പ്രോത്സാഹനം നൽകിയിരുന്നു. പുതിയ സംവിധായകരെ രംഗത്ത് എത്തിക്കുന്നതിനായി നിരവധി ചിത്രങ്ങൾ സർക്കാർ ചെലവിൽ നിർമ്മിച്ചു.

2000 നവംബർ മുതൽ 2011 മെയ് വരെ ബംഗാളിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച അദ്ദേഹം സംസ്ഥാനത്തെ വ്യവസായികമായി മുന്നോട്ട് നയിക്കുന്നതിന് നിരവധി കാര്യങ്ങൾ നടപ്പിലാക്കി. എന്നാൽ ആ പ്രക്രിയയിൽ ചില പ്രതിലോമകാരികൾ ഉണ്ടാക്കിയ തടസ്സങ്ങൾ അദ്ദേഹത്തിന്റെ വീഴ്ചയ്ക്കും കാരണമായി. കാർഷിക അഭിവൃത്തി പ്രാപിച്ച ബംഗാളിനെ വ്യവസായിക പരമായി മുന്നോട്ട് നയിക്കാൻ കൃഷി അമാധീർ ഭിക്കി, വ്യവസായി അമാധീർ ഭൗഷ്യത് ( കൃഷി നമ്മുടെ അടിസ്ഥാനം, വ്യവസായം നമ്മുടെ ഭാവി) എന്ന വിഖ്യാതമായ ബുദ്ധദേബിന്റെ വാക്കുകൾ ബംഗാളിൽ കോളിളക്കമുണ്ടാക്കി.

34 വർഷം തുടർച്ചയായി സിപിഐഎംമിന്റെ നേതൃത്വത്തിൽ സംസ്ഥാനം ഭരിച്ച ഇടതുമുന്നണിയെ രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാൽ താഴെയിറക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ വിരുദ്ധ ശക്തികൾ ദേശീയ അന്തർദേശീയ തലത്തിൽ തന്നെ ഗൂഢാലോചന നടത്തി. ഇടതുമുന്നണി ആട്ടിമറിക്കാനുള്ള പദ്ധതി തയ്യാറാക്കിയതിന്റെ ഭാഗമായിട്ടാണ് ബുദ്ധദേബിന് അധികാരത്തിൽ നിന്നും ഒഴിയേണ്ടി വന്നത്. അത് പിന്നീട് തെറ്റായിരുന്നെന്നും ബംഗാളിന്റെ പിന്നോട്ടുള്ള പോക്കിലേക്കാണ് നയിച്ചതെന്നും കാലം തെളിയിച്ചു. ബുദ്ധദേബിനെ തെറ്റിദ്ധരിച്ച നല്ല ശതമാനം ആളുകളും പിന്നീട് അതിൽ ഖേദിക്കുകയുണ്ടായി.

1944 മാർച്ച് 1ന് ഉത്തരകൊൽക്കത്തയിൽ ആണ് ഭട്ടചാര്യ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്റെ ജേഷ്ഠൻ സുകാന്ത ഭട്ടാചാര്യ ബംഗാളിലെ അറിയപ്പെടുന്ന പുരോഗമന കവിയായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പുരോഗമന പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയ ബുദ്ധദേവ് 1966ൽ സിപിഎംമിൽ അംഗമായി. 1968ൽ പശ്ചിമബംഗാൾ ജനാധിപത്യ യുവജന ഫെഡറേഷന്റെ സെക്രട്ടറിയായി. 1971ൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ അംഗമായി.  1984 മുതൽ പാർടി കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവും 1985 കേന്ദ്ര കമ്മിറ്റി അംഗവുമായി. 2000 മുതൽ 2012 വരെ പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ചു.

പശ്ചിമ ബംഗാളിൽ ഇടതുമുന്നണി ആദ്യമായി അധികാരത്തിലെത്തിയ 1977ലെ ജ്യോതിബസു മന്ത്രിസഭയിൽ നിയമസഭാ അംഗമായിരുന്നു. സാംസ്കാരിക വിഭാഗത്തിന്റെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരുന്നത്.  അതിനു ശേഷം ഉപമുഖ്യമന്ത്രി മുഖ്യമന്ത്രി പദങ്ങളിൽ പ്രവർത്തിച്ചപ്പോഴും  വിവിധ വകുപ്പുകൾക്കൊപ്പം സാംസ്കാരിക വകുപ്പിന്റെ ചുമതലയും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരുന്നത്. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായിരുന്ന അദ്ദേഹം അതേ വർഷം നവംബറിൽ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനം ഒഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2011 മെയ് വരെ അത് തുടർന്നു.

ജ്യോതിബസുവിനു ശേഷം ദീർഘകാലം പശ്ചിമ ബംഗാളിനെ നയിച്ച ബുദ്ധദേബ് ഭട്ടാചാര്യ തെക്കൻ കൊൽക്കത്തയിലെ സിൻഹൗ സ്ട്രീറ്റിലെ വസതിയിലായിരുന്നു ദീർഘകാലമായി താമസിച്ചിരുന്നത്. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഈ കാലയളവിൽ പൊതുരംഗങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിനിടയിൽ രണ്ടുതവണ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴം രാവിലെ 8:20ന് കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. പ്രഭാത ഭക്ഷണം കഴിച്ച ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യ: മീര, മകൾ: സുചേതന.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top