22 December Sunday
11 വർഷത്തോളം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി , മൃതദേഹം ഇന്ന്‌ ഔദ്യോഗിക ബഹുമതികളോടെ വൈദ്യപഠനത്തിന് കൈമാറു

വിടവാങ്ങിയത് സമുന്നത കമ്യൂണിസ്റ്റ് നേതാവ് ; ബംഗാൾ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന പ്രിയനേതാവ്

ഗോപിUpdated: Thursday Aug 8, 2024


കൊൽക്കത്ത
സമുന്നത സിപിഐ എം നേതാവും 11 വർഷത്തോളം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ (80) വിടവാങ്ങി. ശ്വാസതടസ്സവും തുടർന്നുള്ള ഹൃദയാഘാതവുമാണ്‌ മരണകാരണം. വ്യാഴം രാവിലെ 8.20ന്‌  ദക്ഷിണ  കൊൽക്കത്തയിലെ പാം അവന്യുവിലുള്ള വസതിയിലായിരുന്നു അന്ത്യം. ഭാര്യ മീര ഭട്ടാചാര്യ ഒപ്പമുണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന്‌ 2016 മുതൽ പൊതുരംഗത്തുനിന്ന്‌ വിട്ടുനില്‍ക്കുകയായിരുന്നു.

അരനൂറ്റാണ്ടിലേറെക്കാലം ബംഗാൾ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന പ്രിയനേതാവിന്റെ വിയോ​ഗ വാര്‍ത്തയറിഞ്ഞതോടെ നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും വസതിയിലേക്ക്‌ പ്രവഹിച്ചു.മുഖ്യമന്ത്രി മമത ബാനർജി വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. ശരീരം വൈദ്യപഠത്തിന് കൈമാറണമെന്ന് ബുദ്ധദേബ് നിർദേശിച്ചിരുന്നു. ഡോക്‌ടർമാരെത്തി കണ്ണ് 
നീക്കം ചെയ്തു.

വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം പീസ് ഹെവൻ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച മൃതദേഹം നിയമസഭയിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. പകൽ 11ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ മുസഫർ അഹമ്മദ് ഭവനിലും തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനം. വൈകിട്ട്‌ വിലാപയാത്രയായി നീൽരത്തൻ സർക്കാർ മെഡിക്കൽ കോളേജിലെത്തിക്കും. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വൈദ്യപഠനത്തിന്‌ കൈമാറും.

ഭരണ നിപുണതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ആശയസ്ഥൈര്യത്തിന്റെയും പ്രതീകമായ ബുദ്ധദേബിന്റെ വിടവാങ്ങലോടെ ബംഗാൾ രാഷ്ട്രീയത്തിലെ ഒരധ്യായമാണ് അസ്‌തമിക്കുന്നത്‌. പ്രഗത്ഭ ഭരണാധികാരിയായിരുന്ന ജ്യോതി ബസുവിന്‌ ശേഷമാണ്‌ സംസ്ഥാനത്തെ നയിക്കാൻ ബുദ്ധദേബ്‌ നിയോഗിക്കപ്പെട്ടത്‌.  മുഖ്യമന്ത്രിയെന്നനിലയിൽ പശ്ചിമ ബംഗാളിന്റെ വ്യവസായവൽക്കരണത്തിനായി ബുദ്ധദേബ് യത്നിച്ചു.  സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതി  പ്രതിഷേധത്തെ തുടർന്ന്‌ പിൻവലിച്ചു. എന്നാൽ, തൃണമൂൽ കോൺഗ്രസ്‌ അടക്കമുള്ളവർ അക്രമസമരങ്ങളിലൂടെ കലാപം അഴിച്ചുവിട്ടു. ബുദ്ധദേബിനെതിരെ വധശ്രമവുമുണ്ടായി. 2008 നവംബർ രണ്ടിന് സാൽബണി സ്റ്റീൽ പ്ലാന്റിന് തറക്കല്ലിട്ട് മടങ്ങവെ തൃണമൂൽ പിന്തുണയോടെ  നടത്തിയ കുഴിബോംബ് ആക്രമണത്തിൽനിന്ന്‌ തലനാരിഴയ്ക്കാണ്‌  രക്ഷപ്പെട്ടത്‌.

1944 മാർച്ച് ഒന്നിന് ഉത്തര കൊൽക്കത്തയിലെ 11ഡി, രാംധർ മിത്ര ലെയ്‌നിലെ സാധാരണ കുടുംബത്തിലാണ്  ജനിച്ചത്.  ചെറുപ്പത്തിൽത്തന്നെ പുരോഗമന പ്രസ്ഥാനങ്ങളുമായി അടുത്തു. 1966ൽ സിപിഐ എമ്മിൽ ചേർന്നു. 2000 മുതല്‍ 2015 വരെ പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്നു. 1977ൽ ജ്യോതിബസുവിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി ബംഗാളിൽ അധികാരത്തിൽ വന്നപ്പോൾ സാംസ്കാരിക മന്ത്രിയായി. 1987 മുതൽ വീണ്ടും മന്ത്രിസഭാംഗമായി. 1999ൽ ഉപമുഖ്യമന്ത്രി. 2000 നവംബറിൽ മുഖ്യമന്ത്രിയായി. 2011 മെയ്‌ വരെ പദവിയിൽ തുടർന്നു.

നരേന്ദ്രമോദി സർക്കാർ 2022ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്‌ക്കാരം ബുദ്ധദേബ്‌ നിരസിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top