കൊൽക്കത്ത
വിപ്ലവ നക്ഷത്രത്തിന് യാത്രാമൊഴിയേകി പശ്ചിമ ബംഗാൾ. മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് അന്തിമാഭിവാദ്യമർപ്പിക്കാൻ നാടും നഗരവും ഒഴുകിയെത്തി. പോരാട്ടവീഥിയിലെ ഇടിമുഴക്കവും നാടിനെ നെഞ്ചേറ്റിയ ഭരണാധികാരിയുമായിരുന്ന ബുദ്ധ ദായുടെ ഓർമകളിൽ കൊൽക്കത്ത മഹാനഗരം വികാരഭരിതമായി. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.30ന് നിയമസഭാ മന്ദിരത്തിൽ പൊതുദർശനത്തിന് വച്ചു. സ്പീക്കർ ബിമൽ ബാനർജി, മന്ത്രിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിച്ച മൃതദേഹം പാർടി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും മുതിർന്ന നേതാക്കളും ഏറ്റുവാങ്ങി. മുതിർന്ന നേതാവ് ബിമൻ ബസു, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത മിശ്ര, ഡോ. രാമചന്ദ്ര ഡോം, തപൻ സെൻ തുടങ്ങിയവരും കേന്ദ്ര, സംസ്ഥാന കമ്മറ്റിയംഗങ്ങളും അന്ത്യാഭിവാദ്യം അർപ്പിച്ചു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ഘോഷ്, ആർഎസ്-പി ദേശീയ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി, കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, കർഷക തൊഴിലാളി ജനറൽ സെക്രട്ടറി ബി വെങ്കിട്ട് തുടങ്ങിവരും അന്ത്യോപചാരമർപ്പിച്ചു. കേരള സർക്കാരിനുവേണ്ടി മന്ത്രി വി ശിവൻകുട്ടി പുഷ്പചക്രം അർപ്പിച്ചു. തിമിരശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയില്ല. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ ദിനേശ് മജുംദാർ ഭവന് മുന്നിലും യുവജനത ആദരാഞ്ജലിയർപ്പിച്ചു.
മൃതദേഹം വിലാപയാത്രയായി നീൽരത്തൻ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ച് വെെദ്യപഠനത്തിന് കൈമാറി. സംസ്ഥാന മന്ത്രി ശശി പഞ്ചയും മെഡിക്കൽ കോളേജ് പ്രിൻസിപ്പലും അധ്യാപകരും വിദ്യാർഥികളും സ്വീകരിച്ചു. സിപിഐ എമ്മിന്റെയും കുടുംബത്തിന്റെയും നിർദേശ പ്രകാരം ഔദ്യോഗിക ബഹുമതികൾ സ്വീകരിച്ചില്ല. കൊൽക്കത്തയിൽ നടക്കുന്ന സിഐടിയു ദേശീയ ജനറൽ കൗൺസിൽ യോഗത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടത്താനിരുന്ന പൊതുയോഗം ബുദ്ധദേബിന്റെ വിയോഗത്തെ തുടർന്ന് റദ്ദാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..