ഗാന്ധിനഗർ
അനധികൃത കൈയേറ്റം ആരോപിച്ച് ന്യൂനപക്ഷങ്ങളുടെ കെട്ടിടം പൊളിക്കുന്ന ജഹാംഗിര്‍പുരി മോഡൽ ഇടിച്ചുനിരത്തല്‍ ഗുജറാത്തിൽ വീണ്ടും പയറ്റി ബിജെപി. ഏപ്രിൽ ആദ്യവാരം രാമനവമി ആഘോഷത്തിനിടെ ഏറ്റുമുട്ടലുണ്ടായ ഹിമ്മത്‌നഗറിലെ ഛപരിയ പ്രദേശത്തെ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങളാണ് നഗരസഭ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചത്. കനത്ത പൊലീസ് കാവലിലാണ് ചെറുകുടിലുകൾ മുതൽ വലിയ കെട്ടിടങ്ങൾവരെ ഇടിച്ചുനിരത്തിയത്. രാമനവമിയുടെ ഭാഗമായുള്ള രഥയാത്രയ്ക്കിടെയാണ് ഛപരിയയിൽ ഏപ്രിൽ 10ന് വർഗീയസംഘർഷം ഉണ്ടായത്. കല്ലേറിനും പെട്രോൾ ബോംബേറിനുമിടെ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ഹിമ്മത്‌നഗറിൽ നിന്നുള്ള 22 പേർക്കെതിരെയും ഖംഭട്ടിൽനിന്നുള്ള ഒമ്പതു പേർക്കെതിരെയും കേസെടുത്തു. തുടർന്ന് അക്രമങ്ങളിൽ ഉൾപ്പെട്ടവരുടേതെന്ന് ആരോപിച്ച് ആനന്ദ് ജില്ലയിലെ ഖംഭട്ടിലുള്ള ന്യൂനപക്ഷങ്ങളുടെ ചില കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം കഴിഞ്ഞയാഴ്ച പൊളിച്ചു.
ഡൽഹിയിലെ ജഹാംഗിർപുരിയിൽ വർഗീയ സംഘർഷമുണ്ടായതിനു പിന്നാലെ അനധികൃത കൈയേറ്റം ആരോപിച്ച് ന്യൂനപക്ഷങ്ങളുടെ കച്ചവടസ്ഥാപനങ്ങളും വീടുകളും ബുള്‍ഡോസര്‍കൊണ്ട് ഇടിച്ചുനിരത്താനുള്ള വടക്കന്‍ ഡല്‍ഹി കോര്‍പറേഷന്റെ നടപടി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച തടഞ്ഞിരുന്നു. പൊളിക്കല്‍ നിര്‍ത്തിവയ്ക്കാനുള്ള സുപ്രീംകോടതി ഉത്തരവ് പോലും മാനിക്കാതെവന്നപ്പോഴാണ് സിപിഐ എം ഇടപെടലുണ്ടായത്.
കോടതി അലക്ഷ്യനടപടില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ നടത്താനാണ് ബിജെപി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്റെ നീക്കം. അനധികൃത കൈയേ റ്റം തടയാനെന്ന പേരില്‍ കൂടുതല്‍ മേഖലകളില്‍ പരിശോധന നോട്ടീസ് നല്‍കിത്തുടങ്ങി.
വിദ്വേഷത്തിന്റെ
ബുൾഡോസർ രീതി
ഉത്തർപ്രദേശിൽ വർഗീയധ്രുവീകരണം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപയോഗിക്കുന്ന തന്ത്രമാണ് ബുൾഡോസർ പ്രയോഗം. സംഘർഷങ്ങൾക്ക് ഉത്തരവാദികളെ ശിക്ഷിക്കാനെന്നപേരിൽ ന്യൂനപക്ഷങ്ങൾ പാർക്കുന്ന മേഖലകൾ ഇടിച്ചുനിരപ്പാക്കുന്നതാണ് രീതി.
അസം, ഹരിയാന, കര്‍ണാടകം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലും ഇതേ തന്ത്രം ആവര്‍ത്തിച്ചു. മധ്യപ്രദേശിലെ ഖാർഗോഡിൽ രാമനവമി ഘോഷയാത്രയ്‌ക്കിടെ കല്ലേറുണ്ടായതിന്റെ പേരിൽ 16 വീടും മുപ്പതോളം കടയും പൊളിച്ചു. ഗുജറാത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെമാത്രം ചേരികൾ നീക്കുന്നു. ഉത്തരാഖണ്ഡില്‍ ഹരിദ്വാർ, ഉദ്ദംസിങ് നഗർ, ഹൽദ്വാനി എന്നീ പ്രദേശങ്ങളിൽ ബുൾഡോസർ
ഉരുണ്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..