26 December Thursday

മൂന്ന്‌ കോൺസുലേറ്റ്‌ അടച്ച്‌ ക്യാനഡ; വിദ്യാർഥികളുടെയും 
വിസ വൈകും

സ്വന്തം ലേഖകൻUpdated: Sunday Oct 22, 2023

ന്യൂഡൽഹി
നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന കേന്ദ്രസർക്കാർ ഭീഷണിയെത്തുടർന്ന്‌ 41 ഉദ്യോഗസ്ഥരെ പിൻവലിച്ച ക്യാനഡയുടെ നടപടി ഇന്ത്യൻ വിദ്യാർഥികൾക്കടക്കമുള്ള വിസയെ ബാധിക്കും. ഡൽഹി എംബസിയിൽനിന്ന്‌ 41 ഉദ്യോഗസ്ഥർ രാജ്യംവിട്ടെന്ന്‌ വ്യക്തമാക്കിയ ക്യാനഡ വിദേശമന്ത്രി മെലാനി ജോളിയാണ്‌ ഇന്ത്യൻ പൗരർക്കുള്ള സേവനങ്ങൾ തടസ്സപ്പെടുമെന്ന്‌ അറിയിച്ചത്‌. ബംഗളൂരു, മുംബൈ, ഛത്തീസ്‌ഗഢ്‌ എന്നിവിടങ്ങളിലെ കോൺസുലാർ സേവനങ്ങളും നിർത്തിവച്ചതിനാൽ ഡൽഹിയിലെ ഹൈക്കമീഷൻ ഓഫീസ്‌ മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌.

കോൺസുലാർ സേവനങ്ങൾ ക്യാനഡ നിർത്തിയത്‌ ഏകപക്ഷീയമാണെന്ന്‌ കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. ഡൽഹിയിലെയും -ഒട്ടോവയിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമാക്കണമെന്ന്‌ മാത്രമാണ്‌ ആവശ്യപ്പെട്ടത്‌ –- വിദേശമന്ത്രാലയം പറഞ്ഞു. വിസ നടപടികൾ കൈകാര്യം ചെയ്യുന്ന ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്‌ ക്യാനഡ (ഐആർസിസി) വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം അഞ്ചായാണ്‌ വെട്ടിക്കുറച്ചത്‌.

കുറഞ്ഞത്‌ 17,500 വിസ അപേക്ഷകളിന്മേലുള്ള നടപടി  വൈകുമെന്നാണ്‌ റിപ്പോർട്ട്‌. ശൈത്യകാലത്ത്‌ ആരംഭിക്കുന്ന കോഴ്‌സുകൾക്കടക്കം പണമടച്ച്‌ പ്രവേശനം നേടിയ ഇന്ത്യൻ വിദ്യാർഥികളുടെയടക്കം ഭാവി ഇതോടെ തുലാസിലായി.

ഇന്ത്യക്കെതിരെ അമേരിക്കയും ബ്രിട്ടനും


ന്യൂഡൽഹി
ക്യാനഡയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ കേന്ദ്ര സർക്കാർ നടപടി തള്ളിയും ക്യാനഡയ്‌ക്ക്‌ പരസ്യ പിന്തുണ പ്രഖ്യാപിച്ചും അമേരിക്കയും ബ്രിട്ടനും. ആദ്യമായാണ്‌ ഇരു രാജ്യവും വിഷയത്തിൽ പരസ്യമായി ഇന്ത്യയ്ക്കെതിരെ തിരിഞ്ഞത്‌. ഇന്ത്യയുടേത്‌ വിയന്ന ഉടമ്പടിയുടെ ലംഘനമണെന്ന ക്യാനഡയുടെ ആരോപണത്തെ ഇരുരാജ്യവും പിന്താങ്ങി. ഉടമ്പടി പാലിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു.
|
ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്‌ക്കണമെന്ന മോദി സർക്കാരിന്റെ നിലപാട്‌ ആശങ്കയുളവാക്കുന്നെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌ വക്താവ്‌ മാത്യു മില്ലർ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ നയതന്ത്രജ്ഞർ ആവശ്യമാണന്നും ഓർമിപ്പിച്ചു. ബ്രിട്ടീഷ്‌ വിദേശമന്ത്രാലയ വക്താവും ഇന്ത്യൻ നടപടിയെ തള്ളി. നയതന്ത്രജ്ഞരുടെ പരിരക്ഷയും പ്രത്യേകാവകാശങ്ങളും ഏകപക്ഷീയമായി പിൻവലിക്കുന്നത്‌ വിയന്ന
കൺവൻഷൻ തത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പരിരക്ഷ റദ്ദാക്കിയ ഇന്ത്യൻ നടപടി നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും ലംഘിക്കുന്നതാണെന്ന്‌ ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പറഞ്ഞു. ഇന്ത്യയിലും ക്യാനഡയിലുമുള്ള ലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ സാധാരണ ജീവിതം നയിക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുന്നതാണ്‌ ഇന്ത്യൻ സർക്കാരിന്റെ നടപടികളെന്നും ട്രൂഡോ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top