19 December Thursday

വീട്ടുജോലിക്കാരന് മർദനം; നടി പാർവതി നായർക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ചെന്നൈ > വീട്ടുജോലിക്കാരനെ മർദിച്ചെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ പൊലീസ് കേസെടുത്തു. സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതിയിലാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്. 2022 ഒക്ടോബറിൽ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടിൽ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷണം പോയെന്നു കാണിച്ച് നടി പരാതി നൽകിയിരുന്നു. വീട്ടിൽ ജോലിക്കു നിന്നിരുന്ന സുഭാഷിനെ സംശയമുണ്ടെന്ന് നടി പറഞ്ഞിരുന്നു. തുടർന്ന് മോഷണക്കുറ്റം ആരോപിച്ച് നടിയും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തെന്നാണ് യുവാവിന്റെ പരാതി. പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനെത്തുടർന്ന് യുവാവ് കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിർദേശ പ്രകാരമാണ് ഇപ്പോൾ നടിക്കും സുഹൃത്തുക്കൾക്കുമെതിരെ നടപടിയെടുത്തത്.

ആരോപണങ്ങൾ പാർവതി നിഷേധിച്ചു. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാർവതി പ്രതികരിച്ചു. വീട്ടിൽ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്. ദേശീയ വനിത കമ്മീഷന് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പാർവതി പറഞ്ഞു. മലയാളം, തമിഴ്, കന്നട ചിത്രങ്ങളിൽ സജീവമാണ് നടി പാർവതി നായർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top