ന്യൂഡൽഹി
ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ ജാതിവിവേചനം തുറന്നുകാട്ടി വാർത്ത നൽകിയ മാധ്യമപ്രവർത്തകയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. തനിക്കെതിരെ യുപി സർക്കാർ എടുത്ത നാല് എഫ്ഐആറുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മംമ്‌ത ത്രിപാഠി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നടപടി. യുപി സർക്കാരിന് നോട്ടീസയച്ച ബെഞ്ച് നാലഴ്‌ചക്കം മറുപടി നൽകണമെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും ആവശ്യപ്പെട്ടു. ഉന്നത ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രം പ്രധാന സ്ഥാനങ്ങൾ നൽകുകയും മറ്റുള്ളവരെ തഴയുകയും ചെയ്യുന്ന ആദിത്യനാഥ് സർക്കാരിന്റെ നടപടികൾ വസ്‌തുതാപരമായി മംമ്‌ത റിപ്പോർട്ട് ചെയ്‌തതാണ് യുപി സർക്കാരിനെ പ്രകോപിപ്പിച്ചത്. ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി നാല് എഫ്‌ഐആർ ആണ് രജിസ്റ്റർ ചെയ്‌തത്. സമാനമായി വാർത്ത നൽകിയ അഭിഷേക് ഉപാധ്യായ എന്ന മാധ്യമപ്രവർത്തകന്റെ അറസ്റ്റും സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..