ന്യൂഡൽഹി > ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടാൻ വൈകിയതിലും റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താത്തതിനും പിന്നിൽ ഗൂഢോലോചനയുണ്ടെന്നും ഇതിൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയാണിതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ഹർജികൾ പരിഗണിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകാതെ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഹർജി പരിഗണിക്കവേ കോടതി ആരാഞ്ഞു. അഭിഭാഷകന്‍ അജീഷ് കളത്തിലാണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകിയത്. സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്.
ഹർജിയിൽ അജീഷ് കളത്തിലാണ് കോടതിയിൽ വാദം നടത്തിയത്. എന്നാൽ സ്വന്തമായി കേസ് വാദിക്കുമ്പോൾ പാലിക്കേണ്ട നടപടികൾ അജീഷ് കളത്തിൽ സ്വീകരിച്ചിട്ടില്ലെന്നും ഇത് ചട്ടവിരുദ്ദമാണെന്നും സുപ്രീംകോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ് വി ഭട്ടി ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..