27 November Wednesday

മൂലധനച്ചെലവ്‌ വെട്ടാന്‍ കേന്ദ്രം

പ്രത്യേക ലേഖകൻUpdated: Sunday Oct 27, 2024

ന്യൂഡൽഹി> പൊതുകടം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ നടപ്പ്‌ സാമ്പത്തിക വർഷം മൂലധനച്ചെലവ്‌ വെട്ടിച്ചുരുക്കും. ബജറ്റിൽ 11.11 ലക്ഷം കോടി രൂപയാണ്‌ മൂലധന ചെലവിനായി വകയിരുത്തിയത്‌. എന്നാൽ ആഗസ്‌തിൽ പുറത്തുവന്ന സിഎജി(കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ) റിപ്പോർട്ട്‌പ്രകാരം 3.09 ലക്ഷം കോടി രൂപ മാത്രമാണ്‌ വിനിയോഗിച്ചത്‌. നിർദിഷ്ട വാർഷികച്ചെലവിന്റെ 27 ശതമാനം മാത്രം. 2023–-24ൽ ഇതേ കാലയളവിൽ ചെലവിട്ടത്‌ വാർഷികച്ചെലവിന്റെ 37.4 ശതമാനം. അടുത്ത ഫെബ്രുവരിയിൽ അവതരിപ്പിക്കേണ്ട ബജറ്റിന്റെ പ്രാഥമിക ചർച്ചകൾ ധനമന്ത്രി നിർമല സീതാരാമൻ നടത്തിവരികയാണ്‌. നവംബർ 11ഓടെ ചർച്ചകൾ  അവസാനിക്കും. ഇക്കൊല്ലത്തെ പുതുക്കിയ കണക്കിനും ഇതോടൊപ്പം രൂപം നൽകും. മൂലധനച്ചെലവിൽ എത്രത്തോളം വെട്ടിക്കുറവ്‌ വരുത്തുമെന്ന്‌ അതോടെ വ്യക്തമാകും.

പൊതുകടം വൻതോതിൽ ഉയരുന്നത്‌ തടയാനെന്ന പേരിലാണ്‌ മൂലധനച്ചെലവ്‌ ചുരുക്കുന്നത്‌. 2023–-24ൽ പൊതുകടം 168 ലക്ഷം കോടി രൂപയായിരുന്നത്‌ ഇക്കൊല്ലം 182 ലക്ഷം കോടി രൂപയായി വർധിക്കുമെന്നാണ്‌ നിഗമനം. അതേസമയം ജിഎസ്‌ടി വരുമാനം സർവകാല റെക്കോഡിലാണ്‌. പെട്രോളിയം ഉൽപന്നങ്ങളുടെ പ്രത്യേക തീരുവ വഴി വൻകൊള്ളയാണ്‌ കേന്ദ്രം നടത്തുന്നത്‌. നടപ്പ്‌ വർഷം 7.28 കോടി പേർ ആദായനികുതി റിട്ടേൺ സമർപ്പിച്ചതായും ഇത്‌ എക്കാലത്തെയും ഏറ്റവും ഉയർന്ന എണ്ണമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്‌. സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റുകൾ കേന്ദ്രം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു.

കേന്ദ്രത്തിന്റെ വരുമാനം ചോർത്തുന്നത്‌ കോർപറേറ്റുകൾക്ക്‌ നൽകുന്ന ഇളവുകളാണെന്ന്‌ സ്ഥിരീകരിക്കുന്നതാണ്‌ ഈ കണക്കുകൾ. മൂലധനച്ചെലവ്‌ വെട്ടിക്കുറയ്‌ക്കുന്നത്‌ പശ്‌ചാത്തല സൗകര്യവികസന മേഖലയിൽ മാന്ദ്യം സൃഷ്ടിക്കുകയും തൊഴിലില്ലായ്‌മ രൂക്ഷമാക്കുകയും ചെയ്യും. സംസ്ഥാനങ്ങൾക്കുള്ള സഹായം വെട്ടിച്ചുരുക്കിയത്‌ സംസ്ഥാനങ്ങളുടെ മൂലധനച്ചെലവിലും തളർച്ച സൃഷ്ടിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top