ന്യൂഡൽഹി > പ്രളയ ദുരന്തം നേരിടുന്ന ത്രിപുരയ്ക്ക് 40 കോടി അടിയന്തര ധനസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ 11 സംഘങ്ങളെയും സെന്യത്തിന്റെ മൂന്ന് വിഭാഗങ്ങളെയും ഇന്ത്യൻ വ്യോമസേനയുടെ നാല് ഹെലികോപ്ടറും വിന്യസിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ത്രിപുരയിൽ 22 ആളുകളാണ് മരണപ്പെട്ടത്. രണ്ടുപേരെ കാണാതായി. 450 ദുരിതാശ്വാസക്യാമ്പുകളിലായി 65,400 ആളുകളാണ് അഭയം തേടിയത്. ഇതുവരെ 17 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്.
അതേസമയം വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രം ഇതുവരെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. വയനാട്ടിലെ മടിക്കൈ, ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ 300 ലധികം പേരാണ് മരണപ്പെട്ടത്. ദുരന്ത ഭൂമിയില്‍ നിന്ന് 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നും 219 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദർശിച്ചെങ്കിലും അടിയന്തര ധനസഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..