23 December Monday

എൻപിആറിൽ അനുനയ നീക്കത്തിന്‌ കേന്ദ്രം ; സഹകരിക്കാത്ത സംസ്‌ഥാനങ്ങളുമായി ചർച്ചനടത്തും

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ന്യൂഡല്‍ഹി> രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു. കേരളം ഉള്‍പ്പെടെ  ഉൾപ്പെടെ എതിർപ്പ്‌ ഉന്നയിച്ച സംസ്‌ഥാനങ്ങളുമായി രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും ചര്‍ച്ച നടത്താനാണ് തീരുമാനം. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച്‌  ആ സംസ്‌ഥാനങ്ങളെ ഒപ്പം നിർത്തുകയാണ്‌ ലക്ഷ്യം.

എന്‍പിആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ -സെപ്തംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. അതാണ്‌  കേന്ദ്രം അനുനയനീക്കവുമായി  ചർച്ചക്കൊരുങ്ങുന്നത്‌.

രാജ്യത്തെമ്പാടും നടക്കുന്ന സെൻസസ്, എൻപി‌ആർ വിവരശേഖരണത്തിന് ചുക്കാൻ പിടിക്കുന്നത് റജിസ്ട്രാർ ജനറൽ കൂടിയായ സെൻസസ് കമ്മീഷണറാണ്. അതിനാലാണ് നേരിട്ട് ഈ ഉന്നത ഉദ്യോഗസ്ഥനെത്തന്നെ, ചർച്ച നടത്താൻ കേന്ദ്രസർക്കാർ നിയോഗിക്കുന്നത്.

പൗരത്വ നിയമഭേദഗതിയും, അതിനുള്ള വിവരശേഖരണത്തിന് കാരണമാകുന്ന ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആദ്യം നിയമസഭയിൽ സംയുക്ത പ്രമേയം പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ഏകകണ്ഠമായി പാസ്സാക്കിയെടുത്ത ആദ്യ സംസ്ഥാനം കേരളമാണ്. പിന്നാലെ പശ്ചിമബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ് ഗഢ്, പഞ്ചാബ്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവയും സമാനമായ പ്രമേയം പാസ്സാക്കി.

ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള സെൻസസിന്‍റെ ആദ്യഘട്ടത്തിൽ ദേശീയ പൗരത്വ റജിസ്റ്ററിലെ വിവരങ്ങളും ശേഖരിച്ച് ക്രോഡീകരിക്കാൻ തുടങ്ങണം.  അച്ഛനമ്മമാരുടെ ജന്മസ്ഥലമുൾപ്പടെയുള്ള എൻപിആറിലെ വിവാദചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് നിർബന്ധമില്ലെന്നാണ് കടുത്ത പ്രതിഷേധത്തെത്തുടർന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top