അഹമ്മദാബാദ് > അതിമാരകമായ ചാന്ദിപുര വൈറസ് ഗുജറാത്തിൽ പടരുന്നു. വൈറസ്‌ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇതിൽ ഒരു കുട്ടിയുടെ മരണം ചാന്ദിപുര വൈറസ്‌ബാധ മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സബർകാന്ത ജില്ലയിലെ ഹിമത് നഗറിലെ ആശുപത്രിയിൽ കഴിഞ്ഞയാഴ്ച മരിച്ച ആരവല്ലിയിലെ നാലുവയസുകാരിയുടെ സാമ്പിളാണ് പൂണെ എൻഐവിയിലെ പരിശോധനയിൽ പോസിറ്റീവായത്. ഗോഘമ്പയിലെ സ്വകാര്യആശുപത്രിയിൽ ജൂലായ് ആറിന് മരിച്ച കുട്ടിയുടെ മരണവും ഈ വൈറസ് ബാധമൂലമാണെന്ന് സംശയിക്കുന്നു.
ആരോഗ്യമന്ത്രി ഋഷികേശ് പട്ടേലാണ് വിവരങ്ങൾ പുറത്തുവിട്ടത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ഗുജറാത്തിൽ ചികിത്സയിലുണ്ട്. സബർകാന്ത ജില്ലയിൽ നിന്നുള്ള രണ്ടും ആരവല്ലിയിൽ നിന്നുള്ള മൂന്നും മഹിസാഗർ, രാജ്‌കോട്ട് ജില്ലകളിൽ നിന്നുള്ള ഒരാൾ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. ആകെ 14 പേർക്കാണ് സംസ്ഥാനത്ത് രോഗ ബാധയുണ്ടായത്. ചാന്ദിപുര വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..