22 December Sunday
ഒഴിവായത് വൻ ദുരന്തം

എയർ ഇന്ത്യ അഭിമുഖത്തിന് എത്തിയത് 25000 പേർ, വിമാനത്താവളം യുവാക്കളുടെ കടലായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

മുംബൈ> 2,216 ഒഴിവുകളിലേക്ക് എയർ ഇന്ത്യ പ്രഖ്യാപിച്ച വാക് ഇൻ ഇന്റർവ്യൂവിൽ യുവാക്കളുടെ പ്രളയം. വിമാനത്താവളം ഇതുവരെ കണ്ടിട്ടില്ലാത്ത തൊഴിൽ അന്വേഷകരുടെ തള്ളിക്കയറ്റം ആശങ്കയും ആശയ കുഴപ്പവും തീർത്തു.

 

25000 ൽ അധികം പേർ ഒരേ സമയം എത്തിയത് എയർ ഇന്ത്യ അധികാരികളുടെ മുഴുവൻ കണക്കു കൂട്ടലുകളും തെറ്റിച്ചു. എന്തും സംഭവിക്കാവുന്ന സാഹചര്യത്തിൽ നിന്ന് അവസാനം ഓരോരുത്തരുടെയും സിവിയും ഫോൺ നമ്പറും വാങ്ങിച്ച് അധികാരികൾ തടിയൂരി.

 

മുംബൈ വിമാനത്താവളത്തിൽ ചൊവ്വാഴ്ച നടന്ന എയർ ഇന്ത്യയുടെ വാക് ഇൻ റിക്രൂട്ട്മെന്റിനാണ് യുവാക്കൾ എത്തിയത്. 25,000-ത്തിലേറെ പേർ ഒരേ സമയം വിമാനത്താവള പരിസരത്ത് ഒന്നിച്ച് എത്തിച്ചേർന്നു. 2,216 ഒഴിവുകളിലേക്കാണ് നിയമനം പ്രഖ്യാപിച്ചത്.

 

​ഗ്രൗണ്ട് സ്റ്റാഫ് വിഭാഗത്തിലേക്കാണ് റിക്രൂട്ട്മെന്റ്. 20,000 മുതൽ 25,000 രൂപ വരെയാണ്‌ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. അപേക്ഷാ കൗണ്ടറിനരികിലെത്താൻ വേണ്ടി യുവാക്കൾ തിക്കിത്തിരക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ കഴിക്കാതെയാണ് പലരും ജോലിക്ക് അപേക്ഷിക്കാനെത്തിയതെന്നും ഇതുമൂലം പലർക്കും ദേഹാസ്വസ്ഥത അനുഭവപ്പെട്ടതായും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.

 

നാനൂറ് കിലോമീറ്റർ അകലത്തിൽ നിന്നുവരെ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് എത്തി. രാജ്യത്ത് അഭ്യസ്ത വിദ്യരായവരുടെ തൊഴിൽ ഇല്ലായ്മ നിരക്ക് വർധിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top