ദുബായ്> സാധാരണ യാത്രക്കാരെ ഇന്ത്യയിലെത്തിക്കുന്ന ചാർട്ടർ വിമാനങ്ങൾക്കുള്ള അനുമതി ഇതുവരെ കേന്ദ്ര സർക്കാർ നൽകിയിട്ടില്ലെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തുന്നു എന്ന പേരിൽ ചില വ്യക്തികളും ട്രാവൽ ഏജൻസികളും മുൻകൂട്ടി പണം വാങ്ങിക്കുന്ന കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ചാർട്ടർ വിമാനങ്ങളുടെ പേരിൽ നടക്കുന്ന വാഗ്ദാനങ്ങളിൽ ഇന്ത്യക്കാർ കുടുങ്ങരുത് എന്ന് ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു കൊണ്ട് കോൺസുലേറ്റ് പ്രസ്താവന ഇറക്കിയത്.
യു എ ഇ യിൽ ചില വ്യക്തികളും ട്രാവൽ ഏജൻസികളും ഇന്ത്യക്കാരെ സമീപിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ചാപ്റ്റർ ഫ്ലൈറ്റുകൾ അറേഞ്ച് ചെയ്യുന്നതിനും, ക്വാറന്റൈൻ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും മുൻകൂട്ടി പണം വാങ്ങുന്നുണ്ട് എന്ന് വിവരം ശ്രദ്ധയിൽപ്പെട്ടതിനെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച കോൺസുലേറ്റ് ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്. ചാർട്ടർ ഫ്ലൈറ്റുകൾക്കുള്ള അനുമതി ഇതുവരെ ഇന്ത്യാ ഗവൺമെൻറ് നൽകിയിട്ടില്ലാത്തതിനാൽ ഇന്ത്യക്കാർ ഈ വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും കോൺസുലേറ്റ് അഭ്യർത്ഥിച്ചു. കേരളത്തിലെ സർക്കാർ അനുമതി നൽകാത്തത്തിനാൽ തങ്ങൾക്ക് ചാർട്ടർ ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നും കേന്ദ്രം അനുമതി നൽകിയ വിഷയത്തിൽ കേരളം തടസ്സം ഉന്നയിക്കുന്നു എന്നും മറ്റുമുള്ള പ്രചരണങ്ങൾ ചില രാഷ്ട്രീയ പാർട്ടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വസ്തുതകൾ അറിയാതെ നടത്തുന്ന ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ് കോൺസുലേറ്റിന്റെ അഭ്യർത്ഥന.
ഇതൊക്കെയാണെങ്കിലും ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ മതിയായ ഫ്ലൈറ്റുകൾ ഇപ്പോഴും ആയിട്ടില്ല. ജോലി നഷ്ടപ്പെട്ടും, രോഗം മൂലവും അവശതയനുഭവിക്കുന്ന ആയിരങ്ങളാണ് ഇപ്പോഴും നാട്ടിലെത്താനാകാതെ വിഷമിക്കുന്നത്. വന്ദേഭാരത് മിഷനിലൂടെ കൂടുതൽ ഫ്ലൈറ്റുകൾ വരുന്ന നാളുകളിൽ ഉണ്ടാകും എന്നും അറിയുന്നു. കേരളത്തിലേക്ക് കൂടുതൽ ഫ്ലൈറ്റുകൾ പോകുന്നുണ്ടെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അത്യാവശ്യക്കാരെ കൊണ്ടുപോകുന്നതിനുള്ള ഫ്ലൈറ്റുകൾ ഇതുവരെ ആയിട്ടില്ല. വരുന്ന ദിവസങ്ങളിൽ ഇത് പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ നിരവധി തൊഴിലാളികളാണ് തൊഴിൽ നഷ്ടപ്പെട്ട് വലയുന്നത്. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കമ്പനികൾക്ക് തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക പോലും നൽകാൻ സാധിക്കുന്നില്ല. ഇതിൻറെ ഭാഗമായി പലർക്കും താമസിക്കാൻ ഇടമില്ല. ചൂടുകാലം ആയതിനാൽ കരണ്ടും വെള്ളവും ഇല്ലാത്ത കെട്ടിടങ്ങളിലെ താമസം കഠിനമാണ്. തൊഴിൽ നഷ്ടപ്പെട്ടവരെ എത്രയും വേഗം നാട്ടിൽ എത്തിച്ചില്ലെങ്കിൽ പ്രതികൂല സാഹചര്യത്തിൽ പലർക്കും ജീവൻ പോലും നഷ്ടമാകും. കുടുംബങ്ങളായി താമസിക്കുന്ന പലരും തൊഴിൽ നഷ്ടപ്പെട്ടതിനാൽ തങ്ങൾ ഇതുവരെ ഉപയോഗിച്ചിരുന്ന വീട്ടുസാധനങ്ങൾ വലിച്ചെറിയുകയോ അല്ലെങ്കിൽ നാട്ടിലേക്ക് കയറ്റി വിടുകയോ ചെയ്തുകൊണ്ട് താമസിച്ചിരുന്ന കെട്ടിടങ്ങൾ ഉപേക്ഷിച്ച് ഒറ്റമുറിയിൽ കോൺസുലേറ്റിന്റെ യാത്രാനുമതിക്കുള്ള ഊഴവും കാത്ത് കഴിയുകയാണ്.
നോർക്കയുടെ കീഴിൽ മലയാളി കൂട്ടായ്മകൾ സജീവമായി അവശത അനുഭവിക്കുന്ന എല്ലാ മലയാളികൾക്കും സഹായങ്ങൾ എത്തിക്കുന്നതിന് വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി ഇതെല്ല. അവർക്കുവേണ്ടി എന്തെങ്കിലും സംവിധാനമോ കൂട്ടായ്മകളും ഇല്ലാത്തതിനാൽ പലരും നോർക്കയിൽ ബന്ധപ്പെടുന്നുണ്ട്. പരിമിതികൾക്ക് അകത്തു നിന്നുകൊണ്ട് അവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് നോർക്ക പരിശ്രമിക്കുന്നുണ്ട്. എന്നാൽ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ അവശത അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ വളരെ കുറവാണ്.
വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി പ്രത്യേക വിമാനങ്ങൾ തയ്യാറാകുമെന്ന് വ്യോമയാന മന്ത്രാലയം പറയുന്നുണ്ട് എങ്കിലും ഫലത്തിൽ യാത്രക്കാർക്ക് നാട്ടിലെത്താൻ ആവശ്യമായ ഫ്ലൈറ്റുകൾ ഇപ്പോഴും ആയിട്ടില്ല. മെഡിക്കൽ എമർജൻസി നേരിടുന്നവരും, വിസിറ്റ് വിസയിൽ വന്ന് കുടുങ്ങിക്കിടക്കുന്നവരും, തൊഴിൽ നഷ്ടപ്പെട്ടവരും, നാട്ടിൽ ചികിത്സ നടത്തുന്ന ചികിത്സാസൗകര്യം നഷ്ടപ്പെട്ട രോഗികളും എല്ലാം ഇപ്പോഴും കോൺസുലേറ്റിന്റെ ഊഴവും കാത്ത് ഇരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..