22 December Sunday
കുട്ടിക്കാലത്തെ വിവാഹനിശ്‌ചയം തടയാന്‍ 
നിയമഭേദ​ഗതി വേണം

ശൈശവവിവാഹം തടയാന്‍ ; മാര്‍​ഗനിര്‍ദേശവുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2024


ന്യൂഡൽഹി
ശൈശവവിവാഹങ്ങൾ തടയാൻ കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി. ശൈശവവിവാഹം വ്യക്തികളുടെ പരമാധികാരത്തിന്റെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശൈശവവിവാഹ നിരോധന നിയമത്തിൽ നിരവധി പോരായ്‌മകളുണ്ടെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, കുട്ടിക്കാലത്തെ വിവാഹനിശ്ചയങ്ങൾ തടയുംവിധം ശൈശവവിവാഹ നിരോധന നിയമം (പിസിഎംഎ) ഭേദഗതി ചെയ്യണമെന്ന്  ശുപാർശ ചെയ്തു.

അതേസമയം, ശൈശവവിവാഹ നിരോധന നിയമം രാജ്യത്തെ വ്യക്തിനിയമങ്ങൾക്ക്‌ മുകളിലാണോയെന്ന സുപ്രധാന നിയമപ്രശ്‌നത്തിൽ സുപ്രീംകോടതി തീർപ്പ്‌ കൽപ്പിച്ചില്ല. 2021 ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച ‘വ്യക്തിനിയമങ്ങൾക്ക്‌ മുകളിൽ ശൈശവവിവാഹ നിരോധന നിയമം സ്ഥാപിക്കുന്ന നിയമഭേദഗതി ബിൽ’ വനിതാ, ശിശുക്ഷേമ  സ്ഥിരം സമിതിയുടെ പരിഗണനയിലാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ഉത്തരവിൽ പറഞ്ഞു.   
ശൈശവവിവാഹ നിരോധന നിയമം ഇതിനോടകം നടന്നിട്ടുള്ള ശൈശവവിവാഹങ്ങളുടെ നിയമസാധുത ഉൾപ്പടെയുള്ള വിഷയങ്ങളിൽ മൗനംപാലിക്കുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ, നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യംചെയ്യപ്പെടാത്തതിനാൽ സൂക്ഷ്‌മ പരിശോധനയിലേക്ക്‌ കടക്കുന്നില്ല. മറ്റേതെങ്കിലും കേസിൽ അത്തരം നിയമപ്രശ്‌നങ്ങളിലേക്ക്‌ കടക്കുന്നതാകും ഉചിതമെന്നും കോടതി പറഞ്ഞു.

‘സൊസൈറ്റി ഫോർ എൻലൈറ്റ്‌മെന്റ്‌ ആൻഡ്‌ വൊളന്ററി ആക്ഷൻ’ എന്ന സർക്കാരിതര സംഘടനയുടെ ഹർജിയിലാണ്‌ ഉത്തരവ്‌. മുസ്ലിം വ്യക്തി നിയമം പിസിഎംഎയ്‌ക്ക്‌ മുകളിൽ നിൽക്കുമോയെന്ന നിയമപ്രശ്‌നത്തിൽ വ്യക്തത വരുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള ദേശീയ ബാലാവകാശ കമീഷന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌.  

 പ്രധാന മാർഗനിർദേശങ്ങൾ
● ശൈശവവിവാഹം തടയാൻ എല്ലാ ജില്ലകളിലും ഉദ്യോഗസ്ഥരെ നിയമിക്കണം. ഇവർക്ക്‌ മറ്റ്‌ ചുമതലകളൊന്നും പാടില്ല.
●  ഉദ്യോഗസ്ഥർക്ക്‌ ആവശ്യമായ ഫണ്ട്‌ സംസ്ഥാന വനിതാ, ശിശുക്ഷേമ വകുപ്പ്‌ കൈമാറണം.
● കലക്‌ടർമാരും എസ്‌പിമാരും ശൈശവവിവാഹം തടയാൻ മുൻകൈ എടുക്കണം.
● ഇത്തരം വിവാഹങ്ങളെക്കുറിച്ച്‌ അറിവ്‌ ലഭിച്ചാൽ മജിസ്‌ട്രേറ്റുമാർ ഉടൻ അത്‌ വിലക്കി ഉത്തരവിറക്കണം.
● ശൈശവവിവാഹം കൂടുതലായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നിടങ്ങളിൽ തടയാനുള്ള പ്രത്യേക യൂണിറ്റ്‌ തുടങ്ങണം.
●  കേസുകൾ പരിഗണിക്കാൻ അതിവേഗകോടതികൾ സ്ഥാപിക്കണം.
● വീഴ്‌ച വഴുത്തുന്ന ഉദ്യോഗസ്ഥർക്ക്‌ എതിരെ കർശനനടപടി സ്വീകരിക്കണം.
● ശൈശവവിവാഹം തടയൽ നിയമത്തെയും ശിക്ഷയെയും കുറിച്ച്‌ വ്യാപക ബോധവൽക്കരണം നടത്തണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top