18 December Wednesday

പൗരത്വ നിർണയം പണ്ടേ പരീക്ഷിച്ച് പരാജയപ്പെട്ടതെന്ന് വെളിപ്പെടുത്തല്‍

എം പ്രശാന്ത‌്Updated: Monday Feb 10, 2020

ന്യൂഡൽഹി
പൗരന്മാരുടെ തിരിച്ചറിയൽ രേഖ തയ്യാറാക്കാനുള്ള പദ്ധതി പരീക്ഷിച്ച്‌ പരാജയപ്പെട്ടതെന്ന്‌ വെളിപ്പെടുത്തൽ. 2006ൽ യുപിഎ സർക്കാരിന്റെ കാലത്ത്‌ തുടങ്ങിയ പരീക്ഷണ പദ്ധതി 2009ൽ ഉപേക്ഷിച്ചു. പൗരത്വ നിർണയം ഏറെ ബുദ്ധിമുട്ടേറിയതാണെന്ന്‌ തിരിച്ചറിഞ്ഞതോടെയാണ്‌ പദ്ധതി ഉപേക്ഷിച്ചത്‌.

പദ്ധതിക്ക്‌ നേതൃത്വം നൽകിയ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയദിനപത്രമാണ്‌ വിവരങ്ങൾ പുറത്തുവിട്ടത്‌.  അപ്രായോഗികമെന്നുകണ്ട്‌ പത്ത്‌ വർഷം മുമ്പ്‌ ഉപേക്ഷിച്ച പദ്ധതിയാണ്‌ ബിജെപി സർക്കാർ ഇപ്പോൾ ദേശീയ പൗരത്വ രജിസ്‌റ്ററായി നടപ്പാക്കാൻ ശ്രമിക്കുന്നത്‌.  2003ൽ വാജ്‌പേയി സർക്കാരാണ്‌ പൗരത്വ തിരിച്ചറിയൽ രേഖ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ തെരഞ്ഞടുക്കപ്പെട്ട 24 താലൂക്കിൽ നടപ്പാക്കാൻ തീരുമാനിച്ചത്‌. പദ്ധതിയുമായി മുന്നോട്ടുപോകാൻ 2006ൽ യുപിഎ സർക്കാർ തീരുമാനിച്ചു. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 13 ജില്ലയിലെ 31 ലക്ഷം പേരുടെ പൗരത്വ നിർണയത്തിനാണ്‌ അന്ന്‌ ശ്രമിച്ചത്‌.

മൂന്നുവർഷംകൊണ്ട്‌ 14 ലക്ഷത്തോളം പേരുടെ പൗരത്വംമാത്രമാണ്‌ ഉറപ്പിക്കാനായത്‌. 2003ലെ പൗരത്വ നിയമഭേദഗതിയുടെയും തുടർന്ന്‌ പുറപ്പെടുവിച്ച ചട്ടങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു പരീക്ഷണ പദ്ധതി. ദേശീയതലത്തിൽ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ പൗരത്വ രജിസ്റ്റർ രൂപീകരിച്ച്‌ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യണമെന്നുമാണ്‌  ചട്ടം. 

ആന്ധ്രയിലെ മേദക്‌ (ഇപ്പോൾ തെലങ്കാനയിൽ), അസമിലെ കരിംഗഞ്ച്‌, വടക്കുകിഴക്കൻ ഡൽഹി, വടക്കൻ ഗോവ, ഗുജറാത്തിലെ കച്ച്‌, രാജസ്ഥാനിലെ ജയ്‌സാൽമീർ, ജമ്മുവിലെ കഠ്‌വ, പുതുശേരിയിലെ കാരയ്‌ക്കൽ, യുപിയിലെ മഹാരാജ്‌ഗഞ്ച്‌, പടിഞ്ഞാറൻ ത്രിപുര, ഉത്തരാഖണ്ഡിലെ പിത്തോർഗഢ്‌, തമിഴ്‌നാട്ടിലെ രാമനാഥപുരം, ബംഗാളിലെ മൂർഷിദാബാദ്‌ എന്നീ ജില്ലകളിലായി 24 താലൂക്കിലാണ്‌ പദ്ധതി നടപ്പാക്കിയത്‌. തീരദേശ ജില്ലകളോ അതിർത്തി ജില്ലകളോ ആണ്‌ ഇവയെല്ലാം.

കർഷകത്തൊഴിലാളികൾ, ഭൂരഹിതർ, വിവാഹിതരായ സ്‌ത്രീകൾ, പ്രവാസികൾ എന്നിവരുടെ കാര്യത്തിലാണ്‌ ഏറെ പ്രയാസമനുഭവപ്പെട്ടതെന്ന്‌ പദ്ധതിക്ക്‌ നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ നല്ലൊരു പങ്കും ആവശ്യമായ രേഖകൾ ഇല്ലാത്തവരാണ്‌.  പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ സമിതി സർക്കാരിന്‌ നൽകിയ റിപ്പോർട്ടിനെത്തുടർന്ന്‌ 2009 ൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top