ന്യൂഡൽഹി> ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് പേർ മരിച്ചസംഭവത്തിൽ കോച്ചിങ് സെന്ററുകൾ മരണചേംബറുകളാവുന്നെന്ന് സുപ്രീം കോടതി. കുട്ടികളുടെ ജീവൻ വെച്ചാണ് ഇവർ കളിക്കുന്നത്. രാജ്യതലസ്ഥാനത്ത് നടന്ന അപകടം എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നതാണെന്നും ജസ്റ്റിസ് സൂര്യകാന്തും ഉജ്ജ്വൽ ഭൂയാനും ഉൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി ഒരു മലയാളി ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത സുപ്രീം കോടതി കേന്ദ്രത്തിനും ഡൽഹി ഭരണകൂടത്തിനും നോട്ടീസയച്ചു.
കുട്ടികളിൽ നിന്നും വലിയ ഫീസീടാക്കി പ്രവർത്തിക്കുന്ന ഇത്തരം കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. ഈ നിയമത്തിൽ, വായുസഞ്ചാരം ലഭ്യമാക്കാനും അകത്തേക്കും പുറത്തേക്കും പോകാനുള്ള സുരക്ഷിതമായവഴി ഉറപ്പുവരുത്താനും നിർദ്ദേശങ്ങളുണ്ടാവണം.
ആവശ്യമായ സുരക്ഷാക്രമീകരണങ്ങളില്ലാതെ പ്രവർത്തിക്കുന്ന കോചിങ് സെന്ററുകൾ അടച്ചുപൂട്ടാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറേഷന് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..