ന്യൂഡൽഹി> ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയിൽ എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് യാത്രക്കാരിക്ക് പാറ്റയെ കിട്ടി. വിമാനത്തിൽ നൽകിയ ഓംലറ്റിലായിരുന്നു പാറ്റ. സമൂഹമാധ്യമമായ എക്സിലൂടെയാണ് യാത്രക്കാരി പരാതിയുമായി എത്തിയത്.
2024 സെപ്റ്റംബർ 17ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 101 വിമാനത്തിലെ യാത്രക്കാരിയായ സുയേഷ സാവന്തിനാണ് വിമാനത്തിൽ ഭക്ഷണത്തോടൊപ്പം നൽകിയ ഓംലറ്റിൽ നിന്ന് പാറ്റയെകിട്ടിയത്.
പാറ്റയെ ഭക്ഷണത്തിൽ നിന്ന് ലഭിച്ചപ്പോഴേക്കും യാത്രക്കാരിയും കുട്ടിയും ഓംലറ്റിന്റെ പകുതിയും കഴിച്ചിരുന്നു. തുടർന്ന് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതായും യുവതി എക്സിൽ കുറിച്ചു.
എയർ ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് സംഭവത്തിൽ യുവതി എക്‌സിൽ പോസ്റ്റിട്ടത്.
വിമാനത്തിനുള്ളിലെ ഭക്ഷണം തയ്യാറാക്കിയ കാറ്ററിംഗ് കമ്പനിയോട് സംഭവത്തെക്കുറിച്ച് വിശദീകരണം ചോദിച്ചതായി എയർ ഇന്ത്യ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ സംഭവത്തിൽ പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..