30 September Monday

കോൾഡ് പ്ലേ കൺസേർട്ട്; ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റു: ബുക് മൈ ഷോ സിഇഒയ്ക്ക് വീണ്ടും സമൻസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

മുംബൈ > ലോക പ്രശസ്ത ബ്രിട്ടിഷ് റോക് ബാൻഡായ കോൾഡ് പ്ലേയുടെ കൺസേർട്ടിന് കരിഞ്ചന്ത വഴി ടിക്കറ്റുകൾ വിറ്റു എന്ന ആരോപണത്തിൽ ബുക് മൈ ഷോ സിഇഒയ്ക്ക് വീണ്ടും സമൻസ്. ബുക് മൈ ഷോ സഹ സ്ഥാപകൻ ആശിഷ് ഹെമ്റാജനിക്കും ബുക് മൈ ഷോയുടെ ടെക്നിക്കൽ വിഭാ​ഗം മേധാവിക്കുമാണ് മുംബൈ പൊലീസ് സമൻസ് നൽകിയത്.

ടിക്കറ്റുകൾ കരിഞ്ചന്ത വഴി വിൽക്കുന്നുവെന്നു കാണിച്ച് അഭിഭാഷകൻ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ബുക് മൈ ഷോ മേധാവിക്ക് നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനാലാണ്  ഇന്നലെ വീണ്ടും  സമൻസ് നൽകിയത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

നവിമുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ 2025 ജനുവരി 18 മുതൽ 21 വരെയാണ് ബ്രിട്ടീഷ് റോക്ക് ബാൻഡിന്റെ പരിപാടി നടക്കുന്നത്. ബുക്ക് മൈ ഷോയാണ് ഔദ്യോഗിക ടിക്കറ്റിങ് പാർട്നർ. അനൗദ്യോഗിക ടിക്കറ്റ് വിൽപ്പനയും നടക്കുന്നുണ്ട്. വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. 3 ലക്ഷം രൂപ വരെ നൽകിയാണ് ആരാധകർ ടിക്കറ്റുകൾ വാങ്ങിയത്. ഇതിനിടയ്ക്കാണ് വിൽപ്പനയിൽ കൃത്രിമം നടന്നെന്ന പേരിൽ ബുക് മൈ ഷോയ്ക്കെതിരെ ആരോപണം ഉയരുന്നത്. 2,500 മുതൽ 35,000 രൂപവരെയാണ് ടിക്കറ്റിന്റെ വിലയെന്നിരിക്കെയാണ് 3 ലക്ഷം രൂപയ്ക്കു വരെ ടിക്കറ്റ് വിറ്റതെന്നാണ് അഭിഭാഷകന്റെ പരാതി.

കരിഞ്ചന്ത വഴി ടിക്കറ്റ് വിൽപ്പന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാ​ഗവും ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് വിൽപ്പനയിലെ കൃത്രിമത്തിനു പിന്നിൽ ഒരു പ്രത്യേക കൂട്ടം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ശിവസേന ആരോപിച്ചു. സെപ്തംബർ 22 മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. 8 വർഷത്തിനു ശേഷമാണ് കോൾഡ് പ്ലേ ഇന്ത്യയിൽ പരിപാടി നടത്തുന്നത്.

1996 -ൽ രൂപംകൊണ്ട ഒരു ബ്രിട്ടീഷ് റോക്ക് മ്യൂസിക് ബാൻഡ് ആണ് കോൾഡ്പ്ലേ. ​മുഖ്യ ​ഗായകൻ ക്രിസ് മാർട്ടിൻ, ​ലീഡ് ​ഗിറ്റാറിസ്റ്റ് ജോണി ബക്ക്‌ലാൻഡ്, ബാസ്സ് ഗിറ്റാറിസ്റ്റ് ഗൈ ബെറിമാൻ, പിയാനിസ്റ്റ് വിൽ ചാമ്പ്യൻ എന്നിവരടങ്ങുന്നതാണ് ബാൻഡ്. പാരഷ്യൂറ്റ്സ്, എ റഷ് ഓഫ് ബ്ലഡ് ടു ദ ഹെഡ്,  എക്സ് & വൈ, വിവ ലാ വിദ ഓർ ഡെത്ത് ആൻഡ് ഓൾ ഹിസ് ഫ്രണ്ട്സ്, മൈലോ സൈലൊട്ടോ, ഗോസ്റ്റ് സ്റ്റോറീസ്, എ ഹെഡ് ഫുൾ ഓഫ് ഡ്രീംസ് എന്നിവ പ്രധാന ആൽബങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top