ന്യൂഡൽഹി
കർഷക പ്രക്ഷോഭമടക്കം ബിജെപി വിരുദ്ധ വികാരം ശക്തമായിരിക്കെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്–- ആം ആദ്‌മി പാർടി സഖ്യത്തിലേക്ക്. എഎപിയോടൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് നേതൃത്വത്തിന് രാഹുൽ ഗാന്ധി നിർദേശം നൽകി. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയടക്കം പങ്കെടുത്ത് തിങ്കളാഴ്‌ച ചേർന്ന കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെുടുപ്പ് സമിതിയിലാണ് രാഹുൽ നിർദേശംവച്ചത്. യോഗത്തിൽ അവതരിപ്പിച്ച 46 സ്ഥാനാർഥികളിൽ 34 പേരുകൾ സമിതി അംഗീകരിച്ചിട്ടുണ്ട്.
എഎപിയുമായി ചർച്ച തുടങ്ങിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപക് ബബാരിയ സ്ഥിരീകരിച്ചു. സഖ്യചർച്ചയെ എഎപി നേതാവ് സഞ്ജയ് സിങ് സ്വാഗതം ചെയ്‌തു. 90 അംഗ സഭയിൽ എഎപി 20 സീറ്റ് ആവശ്യപ്പെട്ടതായാണ് വിവരം. നാലോ അഞ്ചോ സീറ്റ് മതിയാകില്ലെന്ന എഎപി ഹരിയാന കൺവീനർ സുശീൽ ഗുപ്‌തയുടെ പ്രതികരണം പുറത്തുവന്നു. സഖ്യത്തിൽ അഖിലേന്ത്യാ നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സഖ്യത്തിനില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡയും കുമാരി ഷെൽജയും.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ കൂട്ടായ്‌മയുടെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ സഖ്യത്തിനായി രംഗത്തുവരികയായിരുന്നു. അഞ്ച് സീറ്റ് എഎപിക്കും രണ്ട് സീറ്റ് സമാജ്‌വാദി പാർടിക്കും എന്നതാണ് കോൺഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന സമവാക്യം. എട്ട് സീറ്റിനാണ് എസ്‌പി ശ്രമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..