ന്യൂഡൽഹി> മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായത് അവിശ്വസനീയമായ തകർച്ച. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 16 സീറ്റിലേക്കാണ് കോൺഗ്രസ് ചുരുങ്ങിയത്. 1990 വരെ കോൺഗ്രസിന് ഏറ്റവും സംഘടനാ ശേഷിയുള്ള സംസ്ഥാനമാണിത്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുള്ള 1978ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പതറിയത് ഒഴിച്ചാൽ മഹാരാഷ്ട്രയിൽ 1990 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പിച്ച ഭൂരിപക്ഷം കോൺഗ്രസ് നേടി. 1990ൽ ശിവസേന രംഗപ്രവേശം ചെയ്‌തപ്പോഴും 141 സീറ്റുമായി കോൺഗ്രസ് കരുത്തുകാട്ടി.
എന്നാൽ, 1995ലെ തെരഞ്ഞെടുപ്പ് മുതൽ ചിത്രം മാറിത്തുടങ്ങി. ശരത് പവാർ എൻസിപി രൂപീകരിച്ച് മത്സരിച്ച 1995ൽ കോൺഗ്രസ് 80 സീറ്റിലൊതുങ്ങി. 1978ലെ തെരഞ്ഞെടുപ്പ് മാറ്റിനിർത്തിയാൽ ചരിത്രത്തിൽ ആദ്യമായി 100ൽ താഴെ സീറ്റിലേക്ക് മഹാരാഷ്ട്രയിൽ കോൺഗ്രസ് ചുരുങ്ങിയത് 1995ലായിരുന്നു. പിന്നീടൊരിക്കലും മഹാരാഷ്ട്രയിൽ മൂന്നക്കം കാണാൻ കോൺഗ്രസിനായിട്ടില്ല. 1999ലെ തെരഞ്ഞെടുപ്പിൽ 75 സീറ്റിലേക്ക് ഇടിഞ്ഞെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി സ്ഥാനം കോൺഗ്രസ് വിടാതെ നിലനിർത്തി.
എന്നാൽ 2004ൽ ഏറ്റവും വലിയ ഒറ്റക്കക്ഷി സ്ഥാനവും നഷ്ടമായി. കോൺഗ്രസ് 69 സീറ്റിൽ ഒതുങ്ങിയപ്പോൾ എൻസിപി 71 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായി. 2009ലെ തെരഞ്ഞെടുപ്പിൽ 82 സീറ്റുമായി നില മെച്ചപ്പെടുത്തിയെങ്കിലും തുടർന്നുള്ള തെരഞ്ഞെടുപ്പുകൾ വീണ്ടും നിരാശയുടേതായി. 2014ൽ 42ഉം 2019ൽ 44 സീറ്റുമാണ് കോൺഗ്രസിന് ലഭിച്ചത്. 2014ൽ 122 സീറ്റുനേടി ബിജെപി സംസ്ഥാനത്ത് ആദ്യമായി മൂന്നക്കം കടന്നു.
1990 മുതൽ ശുഷ്‌കിച്ചു തുടങ്ങിയ കോൺഗ്രസിന്റെ വോട്ടുനിലയിലും ഓരോ തെരഞ്ഞെടുപ്പിലും ഇടിഞ്ഞു. 1990ൽ 38.17 ശതമാനമായിരുന്നത് 2019ൽ 16ലേക്ക് താഴ്‌ന്നു. ഇത്തവണ വോട്ടുശതമാനം 12.42 ലേക്കും ചുരുങ്ങി. യുപിയിലും ബിഹാറിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ബംഗാളിലും സംഭവിച്ചതുപോലെ മറ്റൊരു വലിയ സംസ്ഥാനത്ത് കൂടി കോൺഗ്രസ് തൂത്തെറിയപ്പെടുന്ന സാഹചര്യമാണ് മഹാരാഷ്ട്രയിൽ ഒരുങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..