17 September Tuesday
വിട എ ജി 
നൂറാനി

എ ജി നൂറാനി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


മുംബൈ
രാജ്യത്തെ പ്രമുഖ ധൈഷണികനും  നിയമജ്ഞനും ഭരണഘടനാവിദ​​ഗ്ധനും മനുഷ്യാവകാശപോരാളിയും എഴുത്തുകാരനുമായ എ ജി നൂറാനി എന്ന അബ്ദുള്‍ ​ഗഫൂര്‍ നൂറാനി (94) വിടവാങ്ങി. ​ മുംബൈയിലായിരുന്നു അന്ത്യം. ഗഫൂര്‍ ഭായ് എന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം ദീര്‍ഘനാളായി കിടപ്പിലായിരുന്നു. അവസാനനാളുകളില്‍ ബാബ്റി മസ്ജിദ് സംബന്ധിച്ച സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള ​ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു.

സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്ന അദ്ദേഹം  പൗരസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടി.  നയതന്ത്രം, രാഷ്‌ട്രീയം, ഭരണഘടന, നിയമം, ജീവചരിത്രം തുടങ്ങി വിവിധ മേഖലകളിലായി കനപ്പെട്ട പതിനഞ്ചിലധികം പുസ്‌തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്‌.

ഇക്കണോമിക്‌ ആൻഡ് പൊളിറ്റിക്കൽ വീക്ക്‍ലി, ദി ഹിന്ദുസ്ഥാൻ ടൈംസ്, സ്റ്റേറ്റ്സ്‌മാൻ, ഹിന്ദു, ഫ്രണ്ട്‌ലൈൻ, ദ ഡോൺ തുടങ്ങിയ മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു. ആര്‍എസ്എസ് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് തുറന്നെഴുതിയ അദ്ദേഹം സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രഖ്യാപിച്ച  നരേന്ദ്രമോദിയെ ആധുനികകാല ​തു​ഗ്ലക് എന്ന് വിമര്‍ശിച്ചു. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച ഇന്ദിരാ​ഗാന്ധിയെ ഹിറ്റ്‌ലറിനോട് ഉപമിച്ചു. കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ക്കായും ശബ്ദമുയര്‍ത്തി. ഭരണഘടനാവിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി വിധിന്യായങ്ങളിലടക്കം പരാമർശിക്കപ്പെട്ടു.

ഭരണഘടനാപണ്ഡിതൻ ,
 മതനിരപേക്ഷവാദി
ഇന്ത്യ എന്നും ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന മതനിരപേക്ഷ ജനാധിപത്യ രാജ്യമായിരിക്കണം എന്ന്‌ ആഗ്രഹിക്കുകയും അതിനായി ഏഴ്‌ പതിറ്റാണ്ടിലധികം തന്റെ ധൈഷണിക ശേഷിയാകെ വിനിയോഗിക്കുകയും ചെയ്‌ത അസാമാന്യ പണ്ഡിതനായിരുന്നു അബ്‌ദുൽ ഗഫൂർ മജീദ്‌ നൂറാനി എന്ന എ ജി നൂറാനി. സംഘപരിവാർ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചുതുടങ്ങിയ കാലം മുതൽ അവരുടെ കാപട്യങ്ങളെയും പൊള്ളത്തരങ്ങളെയും തുറന്നുകാട്ടിയ ശ്രദ്ധേയമായ പുസ്‌തകങ്ങൾ നൂറാനി എഴുതി.  ഇസ്ലാമിക തീവ്രവാദത്തിന്റെ ആപത്തിലേക്കും അദ്ദേഹം വിരൽചൂണ്ടി.

സവർക്കറെ ഹിന്ദുത്വവാദികൾ വീരനായകനായി അവതരിപ്പിച്ചുതുടങ്ങിയ കാലത്താണ്‌ നൂറാനി ആ വ്യാജബിംബം യഥാർഥത്തിൽ ആരായിരുന്നു എന്ന്‌ പരസ്യമാക്കിയത്‌. മികച്ച അഭിഭാഷകന്റെ കൃത്യതയോടെ ബ്രിട്ടീഷ്‌ ഭരണകാലം മുതലുള്ള ഔദ്യോഗിക രേഖകൾ തേടിപ്പിടിച്ച്‌ തെളിവുകളായി ഹാജരാക്കിയാണ്‌ അദ്ദേഹം ഹിന്ദുത്വവാദികളുടെ ആചാര്യന്റെ യഥാർഥ മുഖം അവതരിപ്പിച്ചത്‌. ദി ആർഎസ്‌എസ്‌: എ മെനെസ്‌ ടു ഇന്ത്യ, സവർക്കർ ആൻഡ്‌ ഹിന്ദുത്വ: ദി ഗോഡ്‌സെ കണക്ഷൻ, ദി ആർഎസ്‌എസ്‌ ആൻഡ്‌ ബിജെപി: എ ഡിവിഷൻ ഓഫ്‌ ലേബർ തുടങ്ങിയ പുസ്‌തകങ്ങളിലൂടെ ഗാന്ധി ഘാതകരും ആർഎസ്‌എസുമായുള്ള ബന്ധം മുതൽ വിവിധ സംഘപരിവാർ സംഘടനകൾക്കിടയിലെ ഗൂഡമായ തൊഴിൽവിഭജനംവരെ നൂറാനി അനാവരണം ചെയ്‌തു.

 അമേരിക്കയിലെ 9/11 ഭീകരക്രമണമുണ്ടായി മാസങ്ങൾക്കകമാണ്‌ ഇസ്ലാമിലെ ആധുനിക പരിഷ്‌കരണപക്ഷത്തുനിന്ന്‌ പാശ്ചാത്യ സാമ്രാജ്യത്വ വ്യാഖ്യാനങ്ങളെ നേരിടുന്ന ‘ഇസ്ലാം ആൻഡ്‌ ജിഹാദ്‌’ പുറത്തുവന്നത്‌.ബാബറി മസ്‌ജിദ്‌, കശ്‌മീർ വിഷയങ്ങളിൽ രേഖകളുടെ പിൻബലത്തോടെ ഭരണഘടന ഉയർത്തിപ്പിടിച്ച്‌ നിലപാടുകൾ ഊന്നിപ്പറഞ്ഞു.

 നൂറാനിയുടെ പ്രധാന കൃതികൾ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകൻ എന്ന നിലയിലും പേരെടുത്ത നൂറാനി ഷേഖ്‌ അബ്‌ദുള്ളയുടെ ദീർഘമായ തടവുജീവിതകാലത്ത്‌ അദ്ദേഹത്തിന്‌ വേണ്ടി ഹാജരായിട്ടുണ്ട്‌. ജയലളിതയുമായുള്ള കേസിൽ തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രി എം കരുണാനിധിക്കുവേണ്ടിയും ഹാജരായി.

വർഗീയതയ്ക്കെതിരെ പോരാടിയ അഭിഭാഷക ഗവേഷകൻ :എം എ ബേബി
വർഗീയവാദത്തിനെതിരെ തന്റെ  ധിഷണ മുഴുവൻ ഉപയോഗിച്ച പ്രതിബദ്ധനായ ഗവേഷകനായിരുന്നു അബ്ദുൽ ഗഫൂർ മജീദ് നൂറാനിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം  എം എ ബേബി പറഞ്ഞു.   ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്‌തുതീർക്കാൻ കഴിയുന്നത്ര ജോലി അദ്ദേഹം പൂർത്തിയാക്കി.  പക്ഷേ, ഇന്ത്യ ആർഎസ്എസ് ഭീഷണി നേരിടുന്ന കാലത്ത് അദ്ദേഹത്തെപ്പോലെ ഒരു അഭിഭാഷക- ഗവേഷകന്റെ  വേർപാട് നികത്താനാവാത്തതാണ് എന്നു പറയുന്നത് ഭംഗി വാക്കല്ല.
ഹിന്ദുത്വവാദത്തിന്റെ വ്യാജപ്രചാരണങ്ങളെ പൊളിച്ചു കാട്ടുന്ന  ‘ദി ആർഎസ്‌എസ്‌ മെനേസ്‌ ടു ഇന്ത്യ’ അടക്കമുള്ള പുസ്‌തകങ്ങൾ ഇന്ത്യയിലെ മതനിരപേക്ഷ പുരോഗമനപക്ഷത്തിന് ശക്തിയേകി നിലനിൽക്കും. ലെഫ്റ്റ് വേഡ് പ്രസിദ്ധീകരിച്ച ഈ പുസ്തകം കൂടാതെ ‘ദി ബാബറി മസ്‌ജിദ്‌ ക്വസ്‌റ്റ്യൻ 1528–2003: എ മാറ്റർ ഓഫ്‌ നാഷണൽ ഓണർ'' (രണ്ടു വാള്യങ്ങൾ), ‘സവർക്കർ ആൻഡ്‌ ഹിന്ദുത്വ’ തുടങ്ങിയ പുസ്തകങ്ങളും ഇന്നത്തെ ഇന്ത്യയിൽ വളരെ പ്രധാനപ്പെട്ടവയാണ്–-  അനുശോചനസന്ദേശത്തിൽ  എം എ ബേബി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top