ലക്നൗ > കൊലപാതകത്തിന് ശേഷം പറഞ്ഞുറപ്പിച്ച തുക നൽകിയില്ലെന്ന പരാതിയുമായി വാടകക്കൊലയാളി സ്റ്റേഷനിലെത്തി. യുപിയിലെ മീററ്റിലാണ് സംഭവം. നീരജ് ശർമ എന്നയാളാണ് പരാതിയുമായി എത്തിയത്. ഒരു വർഷം മുമ്പ് അഞ്ജലി എന്ന അഭിഭാഷകയെ വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് നീരജ്. അഞ്ജലിയെ കൊലപ്പെടുത്തിയതിന്റെ തുകയായ 20 ലക്ഷം രൂപ നൽകിയില്ലെന്ന് കാണിച്ചാണ് പരാതി നൽകിയത്.
കൊലപാതകം നടന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നീരജിനെയും കൂട്ടുപ്രതിയായ യശ്പാലിനെയും അറസ്റ്റ് ചെയ്തിരുന്നു. അഞ്ജലിയുടെ ഭർത്താവ്, ഭർത്താവിന്റെ അമ്മ, അച്ഛൻ എന്നിവരെയാണ് കേസിൽ സംശയിച്ചിരുന്നതെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ജയിലിലായ നീരജ് ഇപ്പോൾ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പരാതിയുമായി എത്തിയത്.
അഞ്ജലിയെ കൊലപ്പെടുത്തിയത് ഭർത്താവിന്റെയും അമ്മായിയമ്മ സരള ഗുപ്തയുടെയും ഭാര്യാപിതാവ് പവൻ ഗുപ്തയുടെയും നിർദേശപ്രകാരമാണെന്ന് നീരജ് ശർമ ആരോപിച്ചു. 20 ലക്ഷം രൂപയുടെ കരാർ ഉറപ്പിച്ചെങ്കിലും തുക ലഭിച്ചില്ല. ജയിലിൽ കിടന്നിട്ടും വാഗ്ദാനം ചെയ്ത തുക കിട്ടാത്തതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്ന് നീരജ് ശർമ പറഞ്ഞു. ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ഇയാൾ പരാതിയുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..