23 December Monday

കൊറോണയെ പിടിച്ചുകെട്ടിയ കേരളത്തിന്‌ കേന്ദ്ര പ്രശംസ

സ്വന്തം ലേഖകൻUpdated: Friday Feb 14, 2020

ന്യൂഡൽഹി
കൊറോണ വൈറസ്‌ പടർന്നുപിടിക്കാതെ നിയന്ത്രിക്കുന്നതിൽ കേരള സർക്കാരെടുത്ത നടപടികൾക്ക്‌ കേന്ദ്ര സർക്കാരിന്റെ പ്രശംസ. കൊറോണ ബാധയെത്തുടർന്നുള്ള രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്‌ച ഡൽഹിയിൽ ചേർന്ന മന്ത്രിതല ഉന്നത സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കവെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനാണ്‌ കേരളത്തെ പ്രശംസിച്ചത്‌.
കർക്കശമായ നിരീക്ഷണ സംവിധാനമാണ്‌ കേരളം ഏർപ്പെടുത്തിയത്‌. കേരളത്തിൽ റിപ്പോർട്ടുചെയ്യപ്പെട്ട മൂന്ന്‌ കൊറോണ ബാധിതരുടെയും ആരോഗ്യനില ഭദ്രമാണ്‌. ഇവർ ഇപ്പോഴും നിരീക്ഷണത്തിലാണ്‌.

രാജ്യത്ത്‌ 1071 രക്തസാമ്പിൾ പരിശോധിച്ചതിൽ കേരളത്തിലെ മൂന്ന്‌ സാമ്പിളൊഴികെ നെഗറ്റീവാണ്‌. ചൈനയിൽനിന്ന്‌ വിമാനമാർഗം എത്തിച്ച്‌ പ്രത്യേക കേന്ദ്രത്തിലുള്ള 654 പേരുടെയും സാമ്പിൾ നെഗറ്റീവാണ്‌. 14 ദിവസത്തിനുശേഷമുള്ള പരിശോധനയിലും നെഗറ്റീവെങ്കിൽ വിട്ടയക്കും.
ജപ്പാനിലെ ഡയമണ്ട്‌ പ്രിൻസസ്‌ കപ്പലിൽ രണ്ട്‌ ഇന്ത്യക്കാർ കൊറോണ ബാധിതരാണ്‌. 138 ഇന്ത്യക്കാർ കപ്പലിലുണ്ട്‌. കപ്പലിൽനിന്ന്‌ ഇന്ത്യക്കാരെമാത്രം വിട്ടുതരണമെന്ന്‌ നിർബന്ധിക്കാനാകില്ല.

ബാങ്കോക്കിൽനിന്ന്‌ കൊൽക്കത്തയിൽ വിമാനമിറങ്ങിയ രണ്ടുപേരും ഡൽഹിയിൽ ഒരാളും നിരീക്ഷണത്തിലാണ്‌. ആരോഗ്യമന്ത്രിയും ക്യാബിനറ്റ്‌ സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും എല്ലാ ദിവസവും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്‌. സംസ്ഥാനങ്ങളുമായി രണ്ടുദിവസം കൂടുമ്പോൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ ബന്ധപ്പെടുന്നുണ്ട്‌–- മന്ത്രി പറഞ്ഞു.
മന്ത്രിമാരായ എസ്‌ ജയ്‌ശങ്കർ, നിത്യാനന്ദ റായ്‌, മൻസൂഖ്‌ മാണ്ഡവിയ, അശ്വനികുമാർ ചൗബെ എന്നിവരും വിവിധ മന്ത്രാലയം സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top