ഇൻഡോർ> നരഹത്യ കേസിലെ നിർണായക തെളിവുകൾ എലികൾ നശിപ്പിച്ച സംഭവത്തിൽ ഇൻഡോർ പൊലീസിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്നതിന്റെ ദയനീയാവസ്ഥയാണ് സംഭവം കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
2021 ആഗസ്തിൽ ഭാര്യയെ വടികൊണ്ട് അടിച്ച് തലയ്ക്കും കൈയ്ക്കും നട്ടെല്ലിനും പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അൻസാർ അഹമ്മദ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. അപ്പോഴാണ് തെളിവുകൾ നഷ്ടപ്പെട്ട കാര്യം പൊലീസ് പറഞ്ഞത്. ഐപിസി സെക്ഷൻ 304, 323 എന്നിവ പ്രകാരമായിരുന്നു സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നത്.
എലികൾ കേടുവരുത്തിയ പ്ലാസ്റ്റിക് ക്യാനുകളിലാണ് ആന്തരികാവയവങ്ങൾ സൂക്ഷിച്ചിരുന്നതെന്നും ഇക്കാരണത്താൽ ഹിസ്റ്റോപഥോളജിക്കൽ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്നും ഡിസിപി കോടതിയെ അറിയിച്ചു. ഇതുകൂടാതെ മറ്റ് 28 സാമ്പിളുകളും എലികൾ നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ഇൻഡോർ നഗരത്തിലെ ഏറ്റവും തിരക്കേറിയ പൊലീസ് സ്റ്റേഷനുകളിൽ ഒന്നിലാണ് ഇത് സംഭവിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലെ സ്ഥിതി എന്തായിരിക്കുമെന്നും ജസ്റ്റിസ് സുബോധ് അഭ്യങ്കർ ചോദിച്ചു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ പൊലീസ് സ്‌റ്റേഷനുകളും പരിശോധിക്കാൻ കോടതി സംസ്ഥാന പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..