ന്യൂഡൽഹി
കോവിഡ് മഹാമാരി ഏറ്റവും ദുരിതത്തിലാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താംസ്ഥാനത്ത്. തുടർച്ചയായ അഞ്ചാം ദിനവും ആറായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ആഗോളതലത്തിൽ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്ത് എത്തിയത്.
ഇതുവരെ 1,35,701 രോഗികളുള്ള ഇറാനെ മറികടന്നാണ് ഇന്ത്യയിൽ രോഗികൾ 1.40 ലക്ഷം കടന്നു. അമേരിക്ക, ബ്രസീൽ, റഷ്യ, ബ്രിട്ടൻ, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, തുർക്കി എന്നിവയാണ് കോവിഡ് മഹാദുരിതത്തിലാക്കിയ മറ്റ് രാജ്യങ്ങൾ.
അതേസമയം, പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്‌ഒ) സ്ഥിതിവിവര കണക്ക്. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഈമാസം 22ന് 6088, 23ന് 6654, 24ന് -6767, 25ന് 6997 എന്നിങ്ങനെയാണ് ഇന്ത്യയിൽ നാലുദിവസമായി റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ നാലുദിവസത്തിനിടെ അമേരിക്കയിലെ പുതിയ രോഗികളുടെ എണ്ണം:- 22ന് 23,310, 23ന് 22,787 24ന് 20,475 25ന് 24,151. ബ്രസീൽ: 22ന്, 19,951, 23ന് 18,508, 24ന് 20,803, 25ന് 16,508. റഷ്യ: 21ന് 8849, 22ന് 8894, 23ന് 9434, 24ന് 8509. പെറു, ഇറാൻ, ജർമനി, തുർക്കി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്.
അഞ്ചാം ദിവസവും ആറായിരത്തിലേറെ രോഗികൾ
തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് ആറായിരത്തിലേറെ കോവിഡ് രോഗികൾ. 32,000ൽ ഏറെ കോവിഡ് രോഗബാധിതരാണ് അഞ്ചുദിവസങ്ങളിൽ റിപ്പോർട്ടുചെയ്‌തത്. 24 മണിക്കൂറിൽ 6977 പുതിയ രോഗികളും 154 മരണവും. ആകെ രോഗികൾ 1.42 ലക്ഷം പിന്നിട്ടു. മരണം നാലായിരത്തിലേറെയായി. മഹാരാഷ്ട്രയിൽ ആകെ രോഗബാധിതർ 52667 ആയി. തിങ്കളാഴ്‌ച 2436 പേർക്ക് രോഗം സ്ഥിരീകരിച്ചു. 60 പേർ കൂടി മരിച്ചു. മുംബൈയിൽ 1430 പുതിയ രോഗികൾ. 38 മരണം. രോഗമുക്തി നിരക്ക് 41.57 ശതമാനം. ബുദ്ധിപരമായ പരിശോധനാതന്ത്രമാണ് നടപ്പാക്കുന്നതെന്നും വൈറസ് വ്യാപനത്തെ ചെറുക്കാൻ ഇത് സഹായകമായിട്ടുണ്ടെന്നും ഐസിഎംആർ അവകാശപ്പെട്ടു. രണ്ടു ലക്ഷത്തിലേറെ സാമ്പിളുകൾ നിലവിൽ ഒരു ദിവസം പരിശോധിക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനായി 21 സംസ്ഥാനങ്ങളിലെ 60 ജില്ലയിൽനിന്നായി 24,000 സാമ്പിൾ ശേഖരിച്ചു. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ പരിശോധനാ ഫലം ലഭിക്കും. വ്യാപനത്തിന്റെ തോത് മനസ്സിലാക്കാൻ ഇത് സഹായകമാകുമെന്നും ഐസിഎംആർ.
● ഡൽഹി ഗാസിയാബാദ് അതിർത്തി വീണ്ടും അടച്ചു
● രാജ്യത്തെ കോവിഡ് രോഗികളിൽ 72.48 ശതമാനവും മുംബൈ, താനെ, പുണെ, ഔറഗാബാദ്, ഇൻഡോർ, അഹമ്മദാബാദ്, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ 10 നഗരങ്ങളിൽ
● കോവിഡ് മരണങ്ങളിൽ 70.18 ശതമാനം മുംബൈ, താനെ, പുണെ, സൂറത്ത്, അഹമ്മദാബാദ്, ഇൻഡോർ, ജയ്പുർ, ഡൽഹി, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ
● ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, വ്യാപാരികൾ എന്നിവർക്ക് മടങ്ങാൻ ചൈനയുടെ അനുമതി
● ഹിമാചൽപ്രദേശിലെ ഹമീർപ്പുർ, സോളൻ ജില്ലകളിൽ അടച്ചിടൽ ജൂൺ 30 വരെ നീട്ടി.
● -മഹാരാഷ്ട്ര പൊതുമരാമത്തുമന്ത്രി അശോക് ചവാന് കോവിഡ്.
● മുംബൈയിൽ ഒരു പൊലീസുകാരൻ മരിച്ചു
● ഡൽഹിയിൽ നാല് സിആർപിഎഫ് ജവാന്മാർക്കുകൂടി കോവിഡ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..