23 December Monday

​ഗൊരേഹബ്ബ: അഥവാ ചാണകയുദ്ധം

അമ്പിളി ചന്ദ്രമോഹനൻUpdated: Monday Nov 4, 2024

Photo credit: X

ചെന്നൈ > സ്പെയിനിലെ ലാ റ്റൊമാറ്റിന ഫെസ്റ്റിവലിനെക്കുറിച്ച് കേട്ടിട്ടില്ലേ..ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ യുദ്ധമെന്നറിയപ്പെടുന്ന പരമ്പരാ​ഗത ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർ  പഴുത്ത തക്കാളികൾ പരസ്പരമെറിയുന്നതാണ് രീതി. ഇത്തരം ആഘോഷങ്ങൾ വിദേശ രാജ്യങ്ങളിൽ മാത്രമല്ല നമ്മുടെ ഇന്ത്യയിലുമുണ്ട്. നിറങ്ങളുടെ ഉത്സവമെന്ന് അറിയപ്പെടുന്ന ഹോളിയും മഹാരാഷ്ട്രയിലെ ഭന്ദാര ഫെസ്റ്റിവലും എല്ലാം നമുക്ക് സുപരിചിതമായിരിക്കും. എന്നാൽ ​ഗൊരേഹബ്ബ ഫെസ്റ്റിവലിനെക്കുറിച്ച്  അധികമാരും കേൾക്കാനിടയില്ല. വളരെ കൗതുകവും ആശ്ചര്യവുമുണ്ടാക്കുന്ന ഒരു ആഘോഷമാണ് ഗൊരേഹബ്ബ.



തമിഴ്‌നാട്- കർണാടക അതിർത്തി ​ഗ്രാമമായ ​ഗുമാതാപുരം എന്ന ​ഗ്രാമത്തിലാണ് ഗൊരേഹബ്ബ ഫെസ്റ്റിവൽ നടക്കുന്നത്. ദീപാവലി ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പ്രാദേശിക ആചാരത്തിന്റെ ഭാഗമായി ജനക്കൂട്ടം പരസ്പരം ചാണകമെറിഞ്ഞ‍് ആഘോഷിക്കുന്നതാണ് ഗൊരേഹബ്ബ. ദീപാവലിയുടെ അടുത്ത ദിവസമാണ് ഗൊരേഹബ്ബ നടക്കുന്നത്. പുരുഷന്മാരും ആൺകുട്ടികളുമാണ് ആഘോഷത്തിൽ പങ്കെടുക്കുക. ആഘോഷത്തിന്റെ ഭാ​ഗമായി ​ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലേക്ക് ട്രാക്ടറുകളിൽ ചാണകമെത്തിക്കും. പ്രത്യേക പൂജകൾക്ക് ശേഷം തുറന്ന സ്ഥലത്തേയ്ക്ക് ചാണകം മാറ്റും.



ചാണകം വലിയ പന്തുകൾപോലെ ഉരുട്ടി ആഘോഷത്തിൽ പങ്കെടുക്കുന്നവർ പരസ്പരം എറിയും. തുറന്ന മൈതാനത്ത് നടക്കുന്ന ആഘോഷ പരിപാടി കാണാനും പരിപാടിയിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും കാണികളുമുണ്ടാകും. ഓരോ വർഷവും നൂറ് കണക്കിനാളുകളാണ് ഗൊരേഹബ്ബയിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്നത്. ആരോ​ഗ്യപരമായ ​ഗുണങ്ങൾക്ക് വേണ്ടിയാണ് ഈ ചാണകയുദ്ധമെന്ന് പറയപ്പെടുന്നു.

തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ തലവടിയിലും സമാനമായ ആചാരം നടക്കാറുണ്ട്. ദീപാവലിയുടെ നാലാം ദിവസമാണ് ഇവിടെ ആഘോഷം നടക്കുന്നത്. ഏകദേശം മുന്നൂറ് വർഷങ്ങളായി ഗ്രാമത്തിൽ ഇത്തരം ആഘോഷങ്ങൾ നടക്കാറുണ്ട്. ബീരേശ്വരർ ക്ഷേത്രത്തിലെ ആചാരങ്ങളോടനുബന്ധിച്ചണ് ആഘോഷം നടക്കുക. ഒരു വലിയ കുഴിയിൽ ചാണകം നിറച്ച് ക്ഷേത്ര പൂജകൾക്ക് ശേഷം ഗ്രാമവാസികൾ കുഴിയിലിറങ്ങി പരസ്പരം ചാണകമെറിയും. കാർഷിക സമൃദ്ധിക്കായാണ് ആഘോഷ പരിപാടി നടക്കുന്നതെന്നാണ് ഇവരുടെ വിശ്വാസം. ആഘോഷത്തിന് ശേഷം ചാണകം വളമായി ഉപയോഗിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. ആഘോഷ പരിപാടികൾക്ക് പേരുകേട്ട ഇന്ത്യയിൽ ഈ ചാണകയുദ്ധം വേറിട്ടതാണ്.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top