ന്യൂഡൽഹി > ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. അമിത് ഷായുടെ പരാമർശം രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേൽപ്പിച്ചുവെന്നും പരാമർശത്തിൽ അപലപിക്കുന്നുവെന്നും സിപിഐ എം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഭരണഘടനാ ചർച്ചയിൽ തന്നെ ഭരണഘടയുടെ ശില്പിയായ അംബേദ്കറിനെതിരെ അമിത് ഷാ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ മനുവാദ മനോഭാവം പുറത്തുകൊണ്ടുവരുന്നതാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷായ്ക്ക് നൽകിയ പിന്തുണ മനസാക്ഷിക്ക് നിരക്കാത്തതാണെന്നും ആഭ്യന്തരമന്ത്രിയായി തുടരാൻ അമിത്ഷായ്ക്ക് അവകാശമില്ലെന്നും സിപിഐ എം പിബി പ്രസ്താവനയിൽ പറഞ്ഞു.
ചൊവ്വാഴ്ച രാജ്യസഭയിൽ ഭരണഘടനയുടെ മഹത്തായ 75 വർഷങ്ങൾ ചർച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്. 'അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു' എന്നാണ് അമിത് ഷാ നടത്തിയ വിവാദ പരാമർശം. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്‌തതതോടെ ബിജെപി പ്രതിരോധത്തിലായി.
അമിത്ഷായുടെ പരാമർശത്തിൽ ഇന്ന് പാർലമെന്റിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായി. അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. എൻഡിഎ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാർലമെന്റ് വളപ്പിൽ സംഘർഷാന്തരീക്ഷമുണ്ടായി. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണി വരെ പിരിഞ്ഞു. രാജ്യസഭയിലും ബഹളമുണ്ടായി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..