23 December Monday

ജയിലുകളിലെ ജാതി വിവേചനം ; സുപ്രീംകോടതി വിധി പ്രധാന ഇടപെടൽ : സിപിഐ എം

പ്രത്യേക ലേഖകൻUpdated: Friday Oct 4, 2024


ന്യൂഡൽഹി
ജയിലുകളിലെ ജാതിവിവേചന രീതികൾ അവസാനിപ്പിക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക്‌ നിർദേശം നൽകിയ സുപ്രീംകോടതി വിധിയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ സ്വാഗതം ചെയ്‌തു. നിന്ദ്യമായ ജാതി വിവേചനത്തിനെതിരായ യുദ്ധത്തിൽ നീതിന്യായമേഖലയിൽനിന്നുണ്ടായ പ്രധാനപ്പെട്ട ഇടപെടലാണ്‌ വിധി. ‘അന്തസ്സോടെ ജീവിക്കാനുള്ള അവകാശം തടവുകാർക്കുമുണ്ടെന്ന്‌’ പ്രഖ്യാപിച്ച സുപ്രീംകോടതി, ജാതി പക്ഷപാതവും വേർതിരിക്കലുകളും അനുവദിക്കുംവിധം വിവിധ ജയിൽ ചട്ടങ്ങളിലും നിയമങ്ങളിലും നിലനിൽക്കുന്ന വ്യവസ്ഥകൾ ഭരണഘടനവിരുദ്ധമാണെന്ന്‌ വിധിച്ചു.

  ജാതിയുടെ അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനം, പാർപ്പിട ക്രമീകരണം, പാചകം എന്നിവയ്‌ക്ക്‌ തടവുകാരെ വിധേയരാക്കുന്ന വ്യവസ്ഥകളും തൊട്ടുകൂടായ്‌മയുടെ ആശയങ്ങളും ഉൾപ്പെടുന്ന ജയിൽ ചട്ടങ്ങൾ ഉടൻ നീക്കണമെന്ന്‌ കേന്ദ്ര–-സംസ്ഥാന സർക്കാരുകളോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി നിർദേശിച്ച നടപടികൾക്ക്‌ മൂന്ന്‌ മാസത്തിനകം തുടക്കംകുറിക്കണമെന്ന്‌ എല്ലാ സർക്കാരുകളോടും പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.

സ്വാഗതാർഹം: 
സിപിഐ
വൈകിയാണെങ്കിലും, സ്വാഗതാർഹമായ നടപടിയാണ്‌ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രസ്‌താവനയിൽ പറഞ്ഞു. പൊലീസ്‌, ജയിൽ, നീതിന്യായ സംവിധാന പരിഷ്‌കാരങ്ങൾക്ക്‌ തുടക്കംകുറിക്കാൻ വിധി ഉപയോഗപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top