21 November Thursday

വർഗീയ നീക്കം അപകടം

സ്വന്തം ലേഖകൻUpdated: Monday Jul 22, 2024

ന്യൂഡൽഹി > കൻവർ യാത്രയെ വർഗീയവത്‌കരിക്കാനുള്ള യുപിയിലെ ബിജെപി സർക്കാരിന്റെ നീക്കം അനുവദിച്ചാൽ രാജ്യത്തെ തീർഥാടന പാതകളെല്ലാം കലാപത്തിന്റെ വഴിയിലേക്ക്‌ നീങ്ങുമെന്ന്‌ പാർലമെന്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ സിപിഐ എം രാജ്യസഭാ ഉപനേതാവ്‌ ജോൺ ബ്രിട്ടാസ്‌ പറഞ്ഞു. ആ അപകടം കേന്ദ്രം യുപി സർക്കാരിനെ ബോധ്യപ്പെടുത്തണം. യോഗത്തിന്‌ അധ്യക്ഷത വഹിക്കുന്ന രാജ്‌നാഥ്‌ സിങ്‌ അതിന്‌ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻഡിഎയിലെ പല ഘടകകക്ഷികളും സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക പദവി ആവശ്യപ്പെടുകയാണ്‌. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക പദവി തന്നില്ലെങ്കിലും ‘പദവി’ എങ്കിലും തരണം. അതുപോലും ലഭിക്കുന്നില്ല. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തുകയാണ്‌. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നു. ഭരണം അട്ടിമറിക്കാൻ ഗവർണർമാർ മത്സരിക്കുകയാണ്‌.  പാർലമെന്റിൽ ചർച്ചകൾ അനുവദിക്കാൻ തയാറാകണമെന്നും ബ്രിട്ടാസ്‌ പറഞ്ഞു. കേരളത്തിന്‌ 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‌ ബിഎസ്‌എൽ 3 പദവിയും അനുവദിക്കണമെന്ന്‌ പി സന്തോഷ്‌ കുമാർ എംപി ആവശ്യപ്പെട്ടു.

"ബിജെപി ബന്ധം നിതീഷ് പുനഃപരിശോധിക്കണം'

ശ്രീന​ഗര്‍ > കേന്ദ്രത്തിൽ ബിജെപിയുമായുള്ള സഖ്യത്തിൽ ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ടി അധ്യക്ഷനുമായ നിതീഷ്‌ കുമാര്‍ പുനരാലോചന നടത്തണമെന്ന് ജെഡിയു ജമ്മുകശ്മീര്‍ ഘടകം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളാണ് ഇങ്ങനെ ഒരാവശ്യം മുന്നോട്ടുവയ്ക്കാൻ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വിവേക് ബാലി പറഞ്ഞു.  
ഇസ്ലാമിക പണ്ഡിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ജെഡിയു ശ്രമിക്കുമ്പോള്‍ ബിജെപി അതിന് തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top